എല്ലാ പാറ്റകളും ഒന്നിച്ചു ചേർന്നാലോ? യുവജന മുന്നേറ്റത്തിന്റെ പുതിയ മുഖമായി അഭിജീത് ദിപ്‌കെ

അഭിജീത് ദിപ്‌കെ | Photo: Shahbaz Khan/ PTI Photo
അഭിജീത് ദിപ്‌കെ | Photo: Shahbaz Khan/ PTI Photo

ഡൽഹി: ‘എല്ലാ പാറ്റകളും ഒന്നിച്ചു ചേർന്നാലോ?’ നിരാശയുടെ ഏതോ ഒരു നിമിഷത്തിൽ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ച വെറും വാക്കുകൾ മാത്രമായിരുന്നു അത്. സോഷ്യൽ മീഡിയയിലെ ഒരു ലളിതമായ ചോദ്യം ഇന്ത്യയിലെ ഭരണകൂടത്തെ തന്നെ പിടിച്ചുലയ്ക്കുന്ന ഒരു വലിയ ജനകീയ പ്രസ്ഥാനമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. ആ പോസ്റ്റിട്ട മുപ്പതുകാരനാകട്ടെ, 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തെരുവ് പ്രക്ഷോഭത്തിന്റെ മുഖമായി മാറിയിരിക്കുന്നു. രാജ്യത്തെ കോടിക്കണക്കിന് യുവാക്കളുടെ ശബ്ദം. അഭിജീത് ദിപ്കെ!

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) എന്ന വേറിട്ട രാഷ്ട്രീയ പ്ലാറ്റ്‌ഫോമിലൂടെ അഭിജീത് നയിച്ച നീറ്റ് വിരുദ്ധ സമരം ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലാണ് കലാശിച്ചത്. നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടി വന്നു.

ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. അതിന് വഴി മരുന്നിട്ടതോ രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശവും. ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് മറുപടിയായി പരിഹാസരൂപേണയുള്ള പ്രതികരണമായാണ് അഭിജീത് മേയ് 16-ന് എക്സ് പ്ലാറ്റ്‌ഫോമിൽ തന്റെ കുറിപ്പ് പങ്കുവെച്ചത്.

തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കിയെങ്കിലും അഭിജീത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരുന്നു. മാത്രമല്ല, യുവാക്കളുടെ വലിയൊരു കൂട്ടായ്മയായി മാറുകയും ചെയ്തു. തൊഴിലില്ലായ്മയിലും പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും മനംമടുത്ത്, യുവജനങ്ങൾക്കായി 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി.) എന്ന ആക്ഷേപഹാസ്യ പ്ലാറ്റ്‌ഫോം അവിടെ രൂപംകൊള്ളുകയായിരുന്നു. ഇതിന്റെ ഭാഗമായി രൂപീകരിച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് നിലവിൽ രണ്ടര കോടിയിലധികം ഫോളോവേഴ്‌സുണ്ട്.

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഒരു ദളിത് കുടുംബത്തിലാണ് അഭിജീത് ജനിച്ചത്. പിതാവ് വളരെ സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ളയാളാണെന്നും കടുത്ത ദാരിദ്ര്യത്തിലാണ് അദ്ദേഹം വളർന്നതെന്നും റോയിട്ടേഴ്സിനോട് അഭിജീത് പറഞ്ഞിരുന്നു. കർഷകനായ മുത്തച്ഛനും പിതാവും നൽകിയ ജീവിതപാഠങ്ങളാണ് തന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പറയുന്നു. പുണെയിൽനിന്ന് പത്രപ്രവർത്തനത്തിൽ ബിരുദം നേടിയ അഭിജീത്, അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.

2020 മുതൽ 2023 വരെ അദ്ദേഹം ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിച്ചിരുന്നു. പാർട്ടിയുടെ സമൂഹമാധ്യമ, തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ ഭാഗമായിരുന്നു. അരവിന്ദ് കെജ്‌വാളിന്റെ നേതൃത്വത്തിൽ പാർട്ടി അധികാരം പിടിച്ചെടുത്ത 2020-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിജിറ്റൽ പ്രചാരണത്തിൽ അഭിജീത് പങ്കാളിയായിരുന്നു. മീമുകൾ, ആക്ഷേപഹാസ്യം എന്നിവ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ സന്ദേശവിനിമയ ശൈലി അവിടെയാണ് രൂപപ്പെടുത്തിയത്. നിലവിൽ ആം ആദ്മി പാർട്ടിയുമായി ബന്ധമില്ലെന്നാണ് അഭിജീത് വ്യക്തമാക്കുന്നത്.

പാർലമെന്റിലേക്കുള്ള മാർച്ചിൽ അഭിജീത് ദിപ്കെ പ്രസംഗിക്കുന്നു. | Photo: ANI Photo

ജൂൺ ആദ്യം വരെ ബോസ്റ്റണിലായിരുന്ന അദ്ദേഹം, ഡൽഹിയിലെ ജന്തർമന്തറിന് സമീപം പ്രതിഷേധം ആരംഭിക്കാനായാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ സമരം നയിക്കാൻ ജൂൺ 6-നാണ് അഭിജീത് ബോസ്റ്റണിൽ നിന്ന് ഡൽഹിയിലെത്തിയത്. ജന്തർ മന്തർ സമരവേദിയിൽ ഡോ. ബി.ആർ. അംബേദ്കറുടെ ആത്മകഥ കയ്യിലേന്തിയാണ് അദ്ദേഹം എത്തിയത്.

സമരക്കാർക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജ് ജനങ്ങളിൽ വലിയ രോഷമാണ് സൃഷ്ടിച്ചത്. തുടർന്ന് പ്രതിഷേധ വേദിയിലെ സ്ഥിരസാന്നിധ്യമായി അഭിജീത് മാറി. സർക്കാരിൽ സമ്മർദ്ദം തുടരുന്നതോടൊപ്പം സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്ത് നൂറുകണക്കിന് വരുന്ന ജനക്കൂട്ടത്തെ അഭിജീത് അഭിസംബോധന ചെയ്തു. സി.ജെ.പിക്ക് നിരവധി സംഘാടകരുണ്ടെങ്കിലും അഭിജീത് അതിന്റെ ഏറ്റവും തിരിച്ചറിയപ്പെടുന്ന മുഖമായി മാറി.

കഴിഞ്ഞ 36 ദിവസമായി സമരവേദിയിൽ തുടരുന്ന അദ്ദേഹം, ജൂലായ് 20-ന് നയിച്ച 'ചലോ സൻസദ്' (പാർലമെന്റിലേക്ക്) മാർച്ച് സമരത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു. ഈ മാർച്ചിന് നേരെ പോലീസ് നടത്തിയ അതിക്രമങ്ങൾ രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായി. നീറ്റ് ക്രമക്കേടിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തന്റെ പ്രസ്ഥാനത്തിന്റെ വലിയ വിജയമായാണ് അഭിജീത് കാണുന്നത്.

എന്നാൽ ഈ വിജയം കൊണ്ട് സമരം അവസാനിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്നെ ഒരു ‘നായകനായി’ ചിത്രീകരിക്കരുതെന്നും ഇത് യുവാക്കളുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ വിജയമാണെന്നുമാണ് അദ്ദേഹം തന്റെ അനുയായികളെ ഓർമ്മിപ്പിക്കുന്നത്.