സിജെപി സമരത്തെ ആര് നയിക്കും? അജിങ്ക്യ ഷിൻഡെയുടെ പേര് നിർദ്ദേശിച്ച് അഭിജീത് ദീപ്‌കെ, പ്രഖ്യാപനം മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോയിലൂടെ

ന്യൂഡൽഹി: ഡൽഹിയിൽ നിശ്ചയിക്കപ്പെട്ടിരുന്ന ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദീപകെയും സഹപ്രവർത്തകരും അറസ്റ്റിലായതോടെ ഇനിയാര് സമരം നയിക്കും എന്ന അങ്കലാപ്പിലായിരുന്നു എല്ലാവരും. എന്നാൽ, ഇത്തരം ഒരു സാഹചര്യം മനസിൽ കണ്ടിരുന്ന ദീപ്‌കെ, മുൻകൂട്ടി തയ്യാറാക്കിയ വീഡിയോയിലൂടെ സിജെപി ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെയെ പ്രതിഷേധത്തിന്റെ പുതിയ നേതാവായി പ്രഖ്യാപിച്ചിരിക്കുകയാണ്.
സിജെപി പ്രകടനത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കുകയും ആയിരക്കണക്കിന് ആളുകളെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും കർശന നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയതോടെ നഗരത്തിൽ വലിയതോതിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പാർട്ടി സ്ഥാപകനായ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഡൽഹി പോലീസ് വിമാനത്താവളത്തിൽ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
തുടർന്നാണ്, ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് നേതൃത്വം നൽകാൻ സിജെപി ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെയെ ചുമതലപ്പെടുത്തിയത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഒക്ടോബർ 10-ന് നടത്താൻ നിശ്ചയിച്ച പ്രതിഷേധത്തിന് മുന്നോടിയായി, അറസ്റ്റ് സാധ്യത മുന്നിൽക്കണ്ട് വെള്ളിയാഴ്ച രാത്രി അഭിജീത് ദീപ്‌കെ ചിത്രീകരിച്ച വീഡിയോ പാർട്ടി പുറത്തുവിട്ടു.
'അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ കസ്റ്റഡിയിൽ തുടരുന്നിടത്തോളം കാലം, സിജെപിയുടെ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെ ജന്തർ മന്തറിലെ ഈ പ്രതിഷേധത്തിന് നേതൃത്വം നൽകും. അറസ്റ്റിനുള്ള സാധ്യത മുൻകൂട്ടി കണ്ട് അഭിജീത് ഇന്നലെ രാത്രി ഈ വീഡിയോ മുൻകൂട്ടി റെക്കോർഡ് ചെയ്തതാണ്.' എന്നാണ് സന്ദേശത്തിൽ പറയുന്നത്.
സിജെപിയുടെ പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് സിജെപിയുടെ ഈ നീക്കം. ക്രമസമാധാന പ്രശ്‌നങ്ങളും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് ഡൽഹി പോലീസ് ഈ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് യാത്ര ചെയ്യവെ താൻ അറസ്റ്റ് നേരിടാൻ തയ്യാറാണെന്ന് ദീപ്‌കെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സുരക്ഷാ നിയന്ത്രണങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് ദീപ്‌കെ ആരോപിച്ചു. പ്രതിഷേധത്തിന് മുന്നോടിയായി അധികാരികൾ സുരക്ഷ ശക്തമാക്കിയതോടെ ഡൽഹി പോലീസ് ആക്റ്റിലെ സെക്ഷൻ 65 പ്രകാരം കുറഞ്ഞത് 1500 പേരെ തടഞ്ഞുവെച്ചു. രാവിലെ ആറുമണി മുതൽ ഗതാഗത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരികയും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു.
പ്രതിഷേധ സ്ഥലത്തിന് ചുറ്റുമുള്ള വാഹനങ്ങൾ പരിശോധിക്കാനും നീക്കങ്ങൾ നിരീക്ഷിക്കാനും ബാരിക്കേഡുകളിലും പ്രധാന കവലകളിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. സെൻട്രൽ ഡൽഹിയിലെ കൊണാട്ട് പ്ലേസ്, മണ്ഡി ഹൗസ്, ജന്തർ മന്തർ, പട്ടേൽ ചൗക്ക് തുടങ്ങി പ്രധാന കവലകളിൽ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡൽഹി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി.
അശോകാ റോഡ്-ജന്തർ മന്തർ റോഡ് റൗണ്ട് എബൗട്ട്, ടോൾസ്റ്റോയ് മാർഗ്-ജനപഥ് ക്രോസിങ്, ജയ് സിങ് റോഡ്-സൻസദ് മാർഗ് ക്രോസിങ്, റെയിൽ ഭവൻ റൗണ്ട് എബൗട്ട്, പട്ടേൽ ചൗക്ക്, ഗോൾ ഡാക് ഖാന, വിൻഡ്സർ പ്ലേസ് എന്നിവയായിരുന്നു ഗതാഗത തടസ്സം നേരിട്ട പ്രധാന പാതകൾ. സിജെപിക്ക് നൽകിയ സന്ദേശത്തിൽ, പാർട്ടി നൽകിയ വിവരങ്ങൾ അനുമതിക്കായി കൃത്യമായി സമർപ്പിച്ച അപേക്ഷയായി കണക്കാക്കാനാവില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു.
ജന്തർ മന്തറിൽ സമരം നടത്തുന്നതിനുള്ള അപേക്ഷകൾ കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും സമർപ്പിക്കണമെന്നാണ് പോലീസ് മാർഗനിർദ്ദേശം. നിർദിഷ്ട സമയപരിധിക്ക് അപ്പുറം സമരം തുടർന്നത് ഉൾപ്പെടെ മുൻകാലങ്ങളിലെ നിയമലംഘനങ്ങളും അധികൃതർ ചൂണ്ടിക്കാട്ടി.
Content Highlights: Following the arrest of CJP founder Abhijit Deepak and colleagues, Ajinkya Shinde was appointed as the new leader for the Jantar Mantar protest in Delhi, preemptively announced via a video by Deepak. Delhi police denied permission for the CJP protest, citing law and order concerns, leading to heightened security and preventive detention of around 1500 people, along with strict traffic controls.