അതീഖ് അഹമ്മദിന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു; സഹോദരനെ ജയിലിൽ സന്ദർശിക്കാൻ പോകുന്നതിനിടെ

ലഖ്‌നൗ: കൊല്ലപ്പെട്ട സമാജ് വാദി പാർട്ടി മുൻ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദ് റോഡപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ ഝാൻസി ജില്ലാ ജയിലിൽ കഴിയുന്ന തന്റെ മൂത്ത സഹോദരൻ അലി അഹമ്മദിനെ കാണാൻ പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ അബാന്റെ സുഹൃത്ത് സോനു എന്നയാളും മരിച്ചിട്ടുണ്ട്.
പൂഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. അബാൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വാഹനത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അബാനെയും സോനുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
അതീഖ് അഹമ്മദിന്റെ മൂത്ത മകൻ അലി അഹമ്മദ് കഴിഞ്ഞ വർഷം പ്രയാഗ്‌രാജിലെ നൈനി ജയിലിൽ നിന്ന് മാറ്റിയ ശേഷം നിലവിൽ ഝാൻസി ജയിലിലാണ് കഴിയുന്നത്. ക്രിമിനൽ കേസുകളിൽ പ്രതിയായ അലി അഹമ്മദ് ഒരു കവർച്ചാ കേസിൽ കീഴടങ്ങിയതിനുശേഷം ജയിലിലാണ്. 2023 ഫെബ്രുവരിയിൽ ബിഎസ്പി എംഎൽഎ രാജു പാൽ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലും അദ്ദേഹം പ്രതിയാണ്, ജയിലിനുള്ളിൽ നിന്നാണ് ഗൂഢാലോചന നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
പിതാവിന്റെ കൊലപാതകത്തിന് ശേഷം, അലി ഐഎസ്-227 എന്നറിയപ്പെടുന്ന ക്രിമിനൽ സംഘത്തിന്റെ ചുമതല ഏറ്റെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 2023-ൽ പോലീസ് കസ്റ്റഡിയിലിരിക്കെയാണ് അതീഖ് അഹമ്മദ് കൊല്ലപ്പെട്ടത്. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തരെന്ന വ്യാജേന എത്തിയ അക്രമികൾ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു അതീഖ്.
Content Highlights: Aban Ahmed, son of Atiq Ahmed, died in a car crash., The accident occurred while traveling to visit Ali Ahmed in Jhansi jail., Aban's friend Sonu also succumbed to injuries in the accident., Ali Ahmed is currently incarcerated for various criminal charges including the Umesh Pal murder case., Atiq Ahmed was previously killed in police custody in 2023.