'രാജ്യത്തെ രക്ഷിക്കാൻ രാഹുലിനെ മാറ്റിനിർത്തൂ'; ഭരണഘടന സംരക്ഷിക്കുന്ന ദൗത്യത്തേക്കാൾ മുഖ്യമെന്ന് AAP

രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും (പ്രതീകാത്മക ചിത്രം) | Photo: ANI
രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും (പ്രതീകാത്മക ചിത്രം) | Photo: ANI

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടി നിരയിലെ വിള്ളലിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരേ തിരിഞ്ഞ്  ആംആദ്മി പാർട്ടി. ഭരണഘടനയെ സംരക്ഷിക്കാനുള്ള കോൺഗ്രസിന്റെ ദൗത്യത്തേക്കാൾ അനിവാര്യം രാഹുൽ ഗാന്ധിയെ മൂന്നാം തവണയും കോൺഗ്രസ് നേതാവായി ചൂണ്ടിക്കാട്ടാതിരിക്കുക എന്നതെന്ന് ആം ആദ്മി പാർട്ടി വക്താവ് പ്രിയങ്ക കക്കർ ട്വീറ്റ് ചെയ്തു.

'രാജ്യത്തെ രക്ഷിക്കണമെന്നുണ്ടെങ്കിൽ, കോൺഗ്രസ് ആദ്യം ചെയ്യേണ്ടത് രാഹുൽ ഗാന്ധിയെ മൂന്നാം തവണയും മുന്നിൽ നിർത്തില്ലെന്നും അതിനായി പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കില്ലെന്നുമുള്ള പ്രഖ്യാപനം നടത്തുക എന്നതാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്ന ദൗത്യത്തേക്കാൾ ഏറ്റവും നിർണായകമാണ് ഇത്'- ഭരണഘടനയെ സംരക്ഷിക്കുക എന്ന കോൺഗ്രസിന്റെ ദൗത്യം ചൂണ്ടിക്കാട്ടി എഎപി വക്താവ് ട്വീറ്റ് ചെയ്തു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ നേരിടാൻ രാജ്യത്തെ 16 പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് മുന്നേറുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിഹാറിൽ വെച്ച് ചേർന്ന പ്രതിപക്ഷ പാർട്ടി യോഗത്തിലായിരുന്നു പ്രഖ്യാപനം. യോഗത്തിൽ എ.എ.പി. പങ്കെടുത്തിരുന്നുവെങ്കിലും ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസിന്റെ പിന്തുണ ലിഭിക്കാത്തിടത്തോളം പ്രതിപക്ഷ പാർട്ടികളുമായി ഒന്നിച്ച്‌ പോകാൻ സാധിക്കില്ലെന്നായിരുന്നു പാർട്ടി വ്യക്തമാക്കിയത്.

യോഗത്തിന് ശേഷം സംയുക്ത വാർത്താ സമ്മേളനത്തിന് നിൽക്കാതെ എ.എ.പിയുടെ നാല് പ്രതിനിധികളും മടങ്ങുകയും പിന്നാലെ വാർത്താ കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിപക്ഷ നിരയിലെ പ്രധാന പാർട്ടികളിൽ ഒന്നായ കോൺഗ്രസിന് നേതാവിനെതിരേയും തിരിഞ്ഞിരിക്കുന്നത്. 

Content Highlights: AAPs fresh challenge to Cong opposition unity