ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം പട്ടികയും പ്രഖ്യാപിച്ച് എഎപി, സിസോദിയ ജംഗ്പുരയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മുന്നേ തുടങ്ങിയ ആംആദ്മി പാര്‍ട്ടി രണ്ടാംഘട്ട സ്ഥാനര്‍ഥി പട്ടികയും പ്രഖ്യാപിച്ചു. മുന്‍ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇത്തവണ ജംഗ്പുരയില്‍നിന്ന് ജനവിധി തേടും. നിലവില്‍ പഹട്ഗഞ്ജ് എംഎല്‍എയാണ് സിസോദിയ. ഈ സീറ്റില്‍ മോട്ടിവേഷണല്‍ സ്പീക്കറും അധ്യാപകനുമായിട്ടുള്ള അവാധ് ഓജ മത്സരിക്കും. 20 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് എഎപി ഇന്ന് പുറത്തിറക്കിയത്.
അടുത്ത വര്‍ഷം ആദ്യത്തില്‍ ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. 11 പേരുള്ള ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക എഎപി കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. 70 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി 39 സ്ഥാനാര്‍ഥികളെ കൂടിയാണ് എഎപിക്ക് പ്രഖ്യാപിക്കാനുള്ളത്. ജംഗ്പുര സീറ്റ് 2013 മുതല്‍ എഎപിയുടെ കൈകളിലാണ്. 2013-ല്‍ എഎപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച മനീന്ദര്‍ സിങ് ധിര്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.
2015ലും 2020ലും പ്രവീണ്‍ കുമാറാണ് എഎപി ടിക്കറ്റില്‍ ഇവിടെനിന്ന് ജയിച്ചുകയറിയത്. ഇത്തണ മനീഷ് സിസോദിയയെ ആണ് എഎപി മണ്ഡലം നിലനിര്‍ത്താന്‍ നിയോഗിച്ചിട്ടുള്ളത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് സിസോദിയ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ജംഗ്പുര എംഎല്‍എ ആയിട്ടുള്ള പ്രവീണ്‍ കുമാര്‍ ജനക്പുരിയില്‍ നിന്ന് ഇത്തവണ മത്സരിക്കും.
സിസോദിയയുടെ സിറ്റിങ് സീറ്റായ പ്രതാപ്ഗഞ്ജില്‍ മത്സരിക്കുന്ന അവാധ് ഓജ ദിവസങ്ങള്‍ക്ക് മുമ്പാണ് എഎപിയില്‍ ചേര്‍ന്നത്. ഇന്ന് പ്രഖ്യാപിച്ച 20 സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാരൊന്നും ഇത്തവണ ആവര്‍ത്തിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഭരണവിരുദ്ധ വികാരം മറികടന്ന് നാലാംതവണയും അധികാരം പിടിക്കാനുള്ള എഎപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന.
Content Highlights: Delhi election-UPSC coach Avadh Ojha; BJP, Congress turncoats named in AAP's 2nd list of candidates