അജയ് മാക്കനെതിരേ നടപടിയില്ലെങ്കിൽ കോൺഗ്രസിനെ സഖ്യത്തിൽനിന്ന് പുറത്താക്കാൻ ആവശ്യപ്പെടും; ഇടഞ്ഞ് AAP

ന്യൂഡൽഹി: തങ്ങൾക്കെതിരേ നിലപാടെടുത്ത അജയ് മാക്കനെതിരേ നടപടിയെടുത്തില്ലെങ്കിൽ ഇന്ത്യാ സഖ്യത്തിൽനിന്ന് കോൺഗ്രസിനെ പുറത്താക്കാൻ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാർട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി.യെ സഹായിക്കാനുള്ള നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് ആം ആദ്മി നേതാക്കൾ ആരോപിച്ചു.
ബി.ജെപി.യുടെ നിർദേശങ്ങൾക്കനുസരിച്ച് അജയ് മാക്കൻ ആം ആദ്മി പാർട്ടിയെ ലക്ഷ്യംവയ്ക്കുന്നുവെന്ന് എ.എ.പി. എം.പി. സഞ്ജയ് സിങ് പറഞ്ഞു. ബി.ജെ.പിയുടെ തിരക്കഥയാണ് അദ്ദേഹം വായിക്കുന്നത്. കെജ്‌രിവാൾ ദേശവിരുദ്ധനാണെന്ന് പറഞ്ഞതോടെ അദ്ദേഹം തന്റെ എല്ലാ പരിധികളും ലംഘിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലും ഹരിയാണയിലും കെജ്‌രിവാൾ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തിയിരുന്നുവെന്നും സഞ്ജയ് സിങ് ഓർമിപ്പിച്ചു.
'കോൺഗ്രസിന്റെ പ്രസ്താവനകൾ ബി.ജെ.പി ഓഫീസിൽ നിന്ന് വരുന്നതായാണ് ഞങ്ങൾക്ക് തോന്നുന്നത്. 24 മണിക്കൂറിനുള്ളിൽ അജയ് മാക്കനെതിരേ നടപടിയെടുക്കണം. അല്ലെങ്കിൽ കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് പുറത്താക്കാൻ മറ്റ് പാർട്ടികളോട് ഞങ്ങൾ ആവശ്യപ്പെടും', സഞ്ജയ് സിങ് പറഞ്ഞു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം ചേർന്നത് തെറ്റായിപ്പോയെന്ന് അജയ് മാക്കൻ ബുധനാഴ്ച പറഞ്ഞിരുന്നു. 2013-ൽ ആം ആദ്മി പാർട്ടിയെ പിന്തുണച്ചതാണ് കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: AAP furious with Ajay Maken, says will ask INDIA alliance to remove Congress