ഡൽഹി പ്രതിഷേധത്തിനിടെ എ.എ. റഹിം ഉൾപ്പെടെയുള്ള ഇടത് എംപിമാർക്ക് ക്രൂരമർദനം, വലിച്ചിഴച്ചു

#ന്യൂസ് ഡെസ്ക്
എ.എ. റഹിം എംപി കസ്റ്റഡിയിൽ, റഹിമിന്റെ ദേഹത്ത് മർദനമേറ്റ പാടുകൾ
എ.എ. റഹിം എംപി കസ്റ്റഡിയിൽ, റഹിമിന്റെ ദേഹത്ത് മർദനമേറ്റ പാടുകൾ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം രാജ്യതലസ്ഥാനത്ത് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഇടത് എംപിമാർക്ക് നേരെ ക്രൂരമർദനം. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ എ.എ. റഹീം, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, വി. ശിവദാസൻ എന്നീ നാല് എംപിമാരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. സമരം ചെയ്ത എംപിമാരെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. പോലീസ് വാഹനത്തിനുള്ളിൽ വച്ചും തങ്ങൾക്ക് നേരെ മർദനമുണ്ടായതായി കസ്റ്റഡിയിലുള്ള എംപിമാർ വ്യക്തമാക്കി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധ മാർച്ച്, സമീപത്തെ ആകാശവാണി ഭവന് മുന്നിലേക്ക് എത്തിയതോടെയാണ് സംഘർഷഭരിതമായത്. പിന്നീട് ആകാശവാണി ഭവന് മുന്നിൽ സത്യാഗ്രഹമിരിക്കാനെത്തിയപ്പോഴാണ് ഇടത് എംപിമാരെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്.

പോലീസ് വാഹനത്തിനുള്ളിൽ വച്ച് ഡൽഹി പോലീസല്ല, കേന്ദ്രസേനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരാണ് തങ്ങളെ മർദിച്ചതെന്ന് എ.എ. റഹീം വെളിപ്പെടുത്തി. ഒരു രാജ്യസഭാംഗത്തിന് നേരെ കേന്ദ്രസേന അംഗങ്ങൾ മർദനം അഴിച്ചുവിട്ടത് അതീവ ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മർദനമേറ്റ എ.എ. റഹീമിന് അടിയന്തരമായി വൈദ്യസഹായം നൽകണമെന്ന് കസ്റ്റഡിയിലുള്ള ജോൺ ബ്രിട്ടാസ് എംപി പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ ഉയർന്ന തലങ്ങളിൽ പരാതി നൽകാനും തുടർനടപടികൾ സ്വീകരിക്കാനും പ്രതിപക്ഷ സഖ്യം തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Left MPs AA Rahim, John Brittas, P Santhosh Kumar, and V Sivadasan were forcefully dragged and detained by police in Delhi during an INDIA bloc protest demanding the resignation of Chief Election Commissioner Gyanesh Kumar.