സീറ്റ് നല്‍കാതെ പാര്‍ട്ടി 'വഞ്ചിച്ചു'; വൈദ്യുതി ടവറില്‍ കയറി എഎപി നേതാവിന്റെ നാടകീയ പ്രകടനം

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അവസരം കിട്ടാത്തതിനെ തുടര്‍ന്ന് വൈദ്യുതി ടവറില്‍ കയറി ആംആദ്മി പാര്‍ട്ടി നേതാവിന്റെ നാടകീയപ്രകടനം. ഈസ്റ്റ് ഡല്‍ഹിയിലെ ഗാന്ധിനഗറില്‍നിന്നുള്ള ആംആദ്മി പാര്‍ട്ടി കൗണ്‍സിലറായ ഹസീബുല്‍ ഹസന്‍ ആണ് ടവറിന് മുകളിൽ കയറിയത്.
കാര്യം അന്വേഷിച്ചെത്തിയ നിരവധിപേര്‍ നിലത്തിറങ്ങാന്‍ നേതാവിനെ നിര്‍ബന്ധിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. വരാനിരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തതിനാൽ താന്‍ ദേഷ്യത്തിലാണെന്നും ടിക്കറ്റ് തന്നില്ലെങ്കില്‍ താഴെയിറങ്ങില്ല എന്നുമായിരുന്നു കാരണംതിരക്കിയവരോടുള്ള മറുപടി.
സ്ഥാനാർഥിത്വം നല്‍കാതെ അവസാന നിമിഷത്തില്‍ പാര്‍ട്ടി തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഹസീബുല്‍ ഹസന്‍ ആരോപിച്ചു. സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും പാർട്ടിയുടെ നിർദേശപ്രകാരം ഹാജരാക്കിയ അസ്സല്‍ രേഖകൾ തനിക്ക് തിരികെ നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനുമുമ്പും ഇത്തരം നാടകീയരംഗങ്ങളുണ്ടാക്കിയ നേതാവാണ് ഹസീബുല്‍ ഹസന്‍. കഴിഞ്ഞ മാര്‍ച്ചില്‍ ഓവുചാൽ വൃത്തിയാക്കാനിറങ്ങുകയും തുടർന്ന് പാലില്‍ കുളിക്കുകയും ചെയ്ത് ഇദ്ദേഹം വാര്‍ത്തകളിലിടം നേടിയിരുന്നു.
Content Highlights: a a p leader, m c d election, delhi