ലിബിയയില്‍ എഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചനത്തിന് ശ്രമം നടക്കുന്നുവെന്ന് കേന്ദ്രം

ലിബിയന്‍ സംഘര്‍ഷത്തിന്റെ പ്രതീകാത്മക ചിത്രം| Photo:Sergey Ponomarev|AP file
ലിബിയന്‍ സംഘര്‍ഷത്തിന്റെ പ്രതീകാത്മക ചിത്രം| Photo:Sergey Ponomarev|AP file

ന്യൂഡല്‍ഹി: കഴിഞ്ഞമാസം ലിബിയയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ഏഴ് ഇന്ത്യക്കാരെ സുരക്ഷിതരായി മോചിതരാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. എണ്ണ വിതരണ രംഗത്തും നിര്‍മാണ മേഖലയിലും ജോലി ചെയ്തിരുന്ന ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേയ്ക്ക് പോകുമ്പോഴാണ്‌ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. 

ആന്ധ്രാ പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലിബിയന്‍ സര്‍ക്കാരിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും  സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല ടുണീഷ്യയിലെ ഇന്ത്യന്‍ എംബസിയും ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും അവരുടെ ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

2015ല്‍ തന്നെ ലിബിയയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 2016ല്‍ അവിടേക്കുള്ള യാത്ര വിലക്കുകയും ചെയ്തു. ആ വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്. എങ്കിലും അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

Contet Highlights: 7 Indians Kidnapped In Libya, Trying To Secure Their Release, Says Centre

Content Highlights: