പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 3 തീവ്രവാദികളെ വധിച്ചു, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 7 തീവ്രവാദികള്‍

Representational Image| PTI
Representational Image| PTI

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ജമ്മുകശ്മീര്‍ പോലീസ്, കരസേന, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. പുല്‍വാമയിലെ സദൂര പ്രദേശത്താണ്‌ ഏറ്റുമുട്ടല്‍ നടന്നത്. 

രാത്രി ഒരുമണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ എത്ര തീവ്രവാദികള്‍ ഉണ്ടെന്ന് വ്യക്തമായിട്ടില്ല. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വന്‍ ആയുധ ശേഖരവും സുരക്ഷാസേന കണ്ടെടുത്തു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ സംഭവത്തോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ സുരക്ഷാസേന വധിച്ച തീവ്രവാദികളുടെ എണ്ണം ഏഴായി.  വെള്ളിയാഴ്ച വൈകിട്ടോടെ ഷോപിയാനിലെ കിലൂറയില്‍ നാല് തീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിനിടെ വധിച്ചിരുന്നു. തീവ്രവാദികളില്‍ ഒരാള്‍ സുരക്ഷാസേനയ്ക്ക് മുമ്പാകെ കീഴടങ്ങുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച വധിച്ച തീവ്രവാദികള്‍ക്ക് കശ്മീരിലെ ബിജെപി പഞ്ചായത്തംഗം നിസാര്‍ അഹമ്മദ് ഭട്ടിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് വിവരങ്ങള്‍. 10 ദിവസം മുമ്പാണ് നിസാറിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വെള്ളിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം ആപ്പിള്‍ തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം നടന്ന തിരച്ചിലിനിടെയാണ് ഏറ്റമുട്ടല്‍ നടന്നത്.

Content Highlights: 3 terrorists gunned down in encounter with security forces in Zadoora area of J&K's Pulwama

Content Highlights: