കഠുവയില്‍ ഏറ്റുമുട്ടല്‍; മൂന്ന് പോലീസുകാര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു

ഏറ്റുമുട്ടലിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ | Photo: PTI
ഏറ്റുമുട്ടലിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ | Photo: PTI

ജമ്മു: ജമ്മു-കശ്മീരിലെ കഠുവയില്‍ വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.

രാജ്ഭാഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജുതാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി), ജമ്മു-കശ്മീര്‍ പോലീസ്, സൈന്യം, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവ മേഖലയില്‍ കഴിഞ്ഞ നാലുദിവസമായി തിരച്ചില്‍ നടത്തിവരുകയായിരുന്നു. 

സൈനികവേഷത്തിലെത്തിയ രണ്ട് ഭീകരര്‍ ചൊവ്വാഴ്ച വെള്ളംചോദിച്ചെത്തിയെന്ന് പ്രദേശവാസി അറിയിച്ചതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായ മേഖലയില്‍ സേന തിരച്ചിലിനെത്തിയത്. ഹെലികോപ്റ്റര്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
 

Content Highlights: 3 cops killed in gunfight in J&K's Kathua 2 terrorists shot dead