2024 തിരഞ്ഞെടുപ്പുഫലം പ്രതീക്ഷകള്‍ മറികടക്കും; ജി20യിലൂടെ ഇന്ത്യയിപ്പോള്‍ ലോകത്തെ നയിക്കുകയാണ്- മോദി

ന്യൂഡല്‍ഹി: 2024-ലെ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷകള്‍ക്ക് അപ്പുറത്തായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിബന്ധങ്ങളിലൊന്ന് ദാരിദ്ര്യമാണെന്ന് പറഞ്ഞ അദ്ദേഹം മറ്റൊന്ന് രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയാണെന്നും കുറ്റപ്പെടുത്തി. സ്വാധീനമുള്ള കുടുംബങ്ങളുമായി ബന്ധം പുലര്‍ത്തിയാല്‍ മാത്രമേ വികസനം നേടാനാകൂവെന്ന് ഇന്ത്യക്കാര്‍ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു. ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 മുതല്‍ രാജ്യം എല്ലാ തടസങ്ങളേയും മറികടക്കാന്‍ ശ്രമിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന് സാധ്യമായ വേഗത്തില്‍ വികസനമുണ്ടായില്ല. ചില പ്രതിബന്ധങ്ങള്‍ മാനസികാവസ്ഥയുടേതായിരുന്നു. 2014-ന് ശേഷം രാജ്യം പ്രതിബന്ധങ്ങളെ മറികടക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ ഇടപാടുകളില്‍ നമ്മള്‍ ഒന്നാമതാണ്. സ്റ്റാര്‍ട്ട് അപ്പുകളില്‍ നാം മൂന്നാമതാണ്. ജി 20-യിലൂടെ നമ്മള്‍ ലോകത്തെ നയിക്കുകയാണ്. മികച്ച സാമ്പത്തിക നിലയും നല്ല രാഷ്ട്രീയത്തിനും സഹവര്‍ത്തിത്വം സാധ്യമാണ്. ഇന്ത്യ അതിന്റെ തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: 2024 Election Result Will Be Beyond Barriers says PM Modi