ആര്‍.ബി.ശ്രീകുമാറിന് നവംബര്‍ 15 വരെ ഇടക്കാല ജാമ്യം

ആര്‍ ബി ശ്രീകുമാറിനെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജകരാക്കാനായി കൊണ്ടുവന്നപ്പോള്‍| ഫോട്ടോ: പി.ടി.ഐ
ആര്‍ ബി ശ്രീകുമാറിനെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജകരാക്കാനായി കൊണ്ടുവന്നപ്പോള്‍| ഫോട്ടോ: പി.ടി.ഐ

അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവ് നിര്‍മിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായ മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാറിന് ഇടക്കാല ജാമ്യം. അഹമ്മദാബാദ് ഹൈക്കോടതിയാണ് ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

കേസ് ഇനി പരിഗണിക്കുന്ന നവംബര്‍ 15 വരെയാണ് ജാമ്യം.  ജാമ്യോപാധികള്‍ തീരുമാനിക്കാന്‍ അഹമ്മദാബാദ് സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ഇലേഷ് ജെ. വോറയാണ് കേസ് പരിഗണിച്ചത്. ഇടക്കാല ജാമ്യം ലഭിച്ച ശ്രീകുമാര്‍ വ്യാഴാഴ്ച രാത്രിയോടെ ജയില്‍ മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2002 ലെ കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ നിര്‍മ്മിച്ചുവെന്ന ആരോപണത്തില്‍ സ്ഥിര ജാമ്യത്തിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം കേസില്‍ ശ്രീകുമാറിനൊപ്പം അറസ്റ്റിലായ തീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ ജസ്റ്റിസ്  കോടതി നവംബര്‍ 15 ലേക്ക് മാറ്റി. സെപ്റ്റംബര്‍ രണ്ടിന് അവര്‍ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.

Content Highlights: 2002 Gujarat riots: Ex-DGP RB Sreekumar granted interim bail till November 15