വ്യോമസേനയില്‍ അഗ്നിവീരന്മാരാകാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2.72 ലക്ഷം പേര്‍

പ്രതീകാത്മകചിത്രം| Photo: Mathrubhumi
പ്രതീകാത്മകചിത്രം| Photo: Mathrubhumi

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വ്യോമസേനയില്‍ ചേരാന്‍ 2.72 ലക്ഷം പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായി പ്രതിരോധ മന്ത്രാലയം. ഇതുവരെ 2.72 ലക്ഷം പേര്‍ അഗ്നിവീരന്മാര്‍ ആകാന്‍ agnipathvayu.cdac.in മുഖാന്തരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ മുഖ്യവക്താവ് എ. ഭരത് ഭൂഷണ്‍ ബാബു ട്വീറ്റ് ചെയ്തു. ജൂണ്‍ 24-ന് ആരംഭിച്ച രജിസ്‌ട്രേഷന്റെ അവസാന തീയതി ജൂലൈ അഞ്ച് ആണ്. 

ജൂണ്‍ പതിന്നാലിനാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തീവണ്ടികള്‍ക്കു തീവെപ്പ് ഉള്‍പ്പെടെ വ്യാപക അതിക്രമങ്ങളാണുണ്ടായത്. പിന്നാലെ, 17.5 മുതല്‍ 21 വയസ്സു വരെ എന്ന പ്രായപരിധിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. ഉയര്‍ന്ന പ്രായപരിധി 21-ല്‍നിന്ന് 23 ആക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു.  

Content Highlights: 2.72 lakh registered so far under agnipath scheme to join air force