കേന്ദ്ര നികുതിവിഹിതത്തിന്റെ 41 ശതമാനം ഓഹരി സംസ്ഥാനങ്ങൾക്ക് നൽകണം – ധനകാര്യ കമ്മിഷൻ

ന്യൂഡൽഹി: കേന്ദ്ര നികുതിവിഹിതത്തിന്റെ 41 ശതമാനം ഓഹരി അടുത്ത അഞ്ചുവർഷം സംസ്ഥാനങ്ങളുമായി പങ്കുവെക്കാൻ നിർദേശിച്ച് പതിനാറാം ധനകാര്യ കമ്മിഷൻ. ഈ വർഷം ഏപ്രിൽ ഒന്നുമുതൽ 2031 മാർച്ച് 31 വരെയാണ് കാലയളവ്. ധനകാര്യ കമ്മിഷന്റെ ശുപാർശ സർക്കാർ അംഗീകരിച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.
ധനകാര്യ കമ്മിഷൻ ഗ്രാന്റിനത്തിൽ 2026-27-ൽ സംസ്ഥാനങ്ങൾക്കായി കേന്ദ്രം അനുവദിച്ചത് 1.4 ലക്ഷം കോടി രൂപയാണ്. ഗ്രാമ, നഗര മേഖലകളിലെ തദ്ദേശസ്ഥാപന ഗ്രാന്റ്, ദുരന്തനിവാരണ ഗ്രാന്റ് എന്നിവ ഇതിലുൾപ്പെടും. ധനകാര്യ കമ്മിഷൻ റിപ്പോർട്ട് പാർലമെന്റിൽ ധനമന്ത്രി അവതരിപ്പിച്ചു.
നിതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയയാണ് പതിനാറാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷൻ. ആനി ജോർജ് മാത്യു, മനോജ് പാണ്ട, എസ്.ബി.ഐ. ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ്, റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി. രബിശങ്കർ എന്നിവരാണ് അംഗങ്ങൾ. നവംബർ 17-ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കമ്മിഷന്റെ പ്രധാന ശുപാർശകൾ:
*സംസ്ഥാനങ്ങൾക്കുള്ള ദുരന്തനിവാരണഫണ്ടുകളുടെ വിതരണം മുൻകാല ചെലവുകളുടെയും ദുരന്ത ആഘാത സൂചികയുടെയും അടിസ്ഥാനത്തിലായിരിക്കണം.
*എസ്.ഡി.ആർ.എഫിനും എസ്.ഡി.എം.എഫിനുമായി കോർപ്പസ് ഫണ്ട് വിഭജിക്കേണ്ടത് 80:20 അനുപാതത്തിൽ.
* ദുരന്തങ്ങളെ നേരിടാനാവശ്യമായ തയ്യാറെടുപ്പുകളും കാര്യശേഷിനിർമാണവും എസ്.ഡി.എം.എഫിനും എൻ.ഡി.എം.എഫിനും കീഴിലായിരിക്കും.
*എസ്.ഡി.ആർ.എഫിലെ ചെലവഴിക്കാതെ കിടക്കുന്ന തുക കഴിഞ്ഞ മൂന്നുവർഷങ്ങളിലെ വാർഷികവിഹിതത്തെക്കാൾ അധികമാണെങ്കിൽ വീണ്ടും നൽകുന്നത് താത്‌കാലികമായി തടഞ്ഞുവെക്കണം
*എൻ.ഡി.ആർ.എഫിനും എൻ.ഡി.എം.എഫിനുമുള്ള വിഹിതം 79,406 കോടി.
*എസ്ഡിആർഎഫിലേക്കും എസ്ഡിഎംഎഫിലേക്കും സംസ്ഥാനങ്ങൾ 25 ശതമാനം വിഹിതം നൽകണം. വടക്കുകിഴക്കൻ, ഹിമാലയസംസ്ഥാനങ്ങളിൽ ഇത് 10 ശതമാനമാണ്.
* കേന്ദ്രസഹായ വിതരണം എൻഡിആർഎഫ്, എൻഡിഎംഎഫ് വഴി നിലനിർത്തണം.
* സഹാധനത്തിനുള്ള മാനദണ്ഡങ്ങൾ ആഭ്യന്തരമന്ത്രാലയം കാലാകാലങ്ങളിൽ പരിശോധിച്ച് പരിഷ്‌കരിക്കണം.
*ഉഷ്ണതരംഗവും ഇടിമിന്നലും ദേശീയാടിസ്ഥാനത്തിൽ വിജ്ഞാപനം ചെയ്ത ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം.
* ദുരന്തനിവാരണ ഗ്രാന്റിന്റെ രണ്ടാംഗഡു ലഭ്യമാകണമെങ്കിൽ എൻഡിഎംഐഎസ് പോർട്ടലിൽ ഡേറ്റാ വാലിഡേഷൻ സംസ്ഥാനങ്ങൾക്ക് നിർബന്ധം.
Content Highlights: The 16th Finance Commission recommends sharing 41% of the central tax divisible pool with states for the next five years (2026-31). Learn about the key recommendations and fund allocations for disaster management and local bodies.