ഗംഗാനദിയിൽ കുളിക്കാനിറങ്ങിയ 14-കാരനെ കടിച്ചുകൊന്നു; മുതലയെ തല്ലിക്കൊന്ന് നാട്ടുകാർ

നാട്ടുകാർ മുതലയെ തല്ലിക്കൊല്ലുന്നു | ഫോട്ടോ: എഎൻഐ
നാട്ടുകാർ മുതലയെ തല്ലിക്കൊല്ലുന്നു | ഫോട്ടോ: എഎൻഐ

പട്‌ന: പതിനാലുകാരനെ കൊന്നുതിന്ന മുതലയെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് തല്ലിക്കൊന്നു. ബിഹാര്‍ സ്വദേശിയായ അങ്കിത് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗംഗാനദിയില്‍ കുളിക്കാനിറങ്ങിയ പതിനാലുകാരനെ മുതല കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഈ മുതലയെ പിടികൂടു നാട്ടുകാർ വടികളുപയോഗിച്ച് തല്ലിക്കൊല്ലുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ബിഹാറിലെ വൈശാഖ് സ്വദേശിയായ അങ്കിത് കുമാറിന്‍റെ കുടുംബം പുതുതായി ഒരു ബൈക്ക് വാങ്ങിയിരുന്നു. ഇതിനേത്തുടർന്നുള്ള പൂജകൾക്കായാണ് അങ്കിത് കുമാർ അടക്കമുള്ളവർ ഗംഗാനദിയിൽ എത്തിയത്. ഇവര്‍ നദിയില്‍ കുളിക്കുന്നതിനിടെയാണ് അങ്കിതിനു നേരെ മുതലയുടെ ആക്രമണമുണ്ടായത്. അങ്കിതിനെ മുതല നദിയുടെ അടിത്തട്ടിലേക്ക് വലിച്ചു കൊണ്ടുപോയ ശേഷം കടിച്ചു കീറി കൊല്ലുകയായിരുന്നു. 

ഏതാണ്ട് ഒരു മണിക്കൂറിനു ശേഷമാണ് അങ്കിതിന്റെ മൃതദേഹാവശിഷ്ടം പുറത്തെത്തിക്കാനായത്. പിന്നീട് കുടുംബാംഗങ്ങളും പ്രദേശവാസികളുമുള്‍പ്പെടെയുള്ള മറ്റുള്ളവരും ചേര്‍ന്ന് മുതലയെ പിടികൂടി കരയ്ക്കുകയറ്റിയ ശേഷം തല്ലിക്കൊല്ലുകയായിരുന്നു. മുതലയെ കൊന്നവര്‍ക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് വൈശാലി ഡിഎഫ്ഒ അമിത് രാജ് വ്യക്തമാക്കി.

Content Highlights: 14 year old eaten alive by crocodile in river ganga beaten to death