ബ്രിക്സ് പാർലമെന്ററി ഫോറത്തിന് തുടക്കം

#സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യങ്ങൾക്കിടയിൽ പരസ്പരവിശ്വാസം വളർത്താനും അതുവഴി സംഘർഷങ്ങൾ ലഘൂകരിക്കാനും പാർലമെന്റുകൾക്ക് സാധിക്കുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. അതുകൊണ്ട് ആഗോള വെല്ലുവിളികളോട് സമാധാനത്തോടെയും ക്രിയാത്മകമായും പ്രതികരിക്കാൻ സാധിക്കുന്നത് പാർലമെന്റുകൾക്കാണെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്ററി ഫോറം പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.

11 അംഗരാജ്യങ്ങളും 10 പങ്കാളിത്ത രാജ്യങ്ങളുമുൾപ്പെടെ 21 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ബ്രിക്സ് പാർലമെന്ററി ഫോറം ചൊവ്വാഴ്ചയാണ് സമാപിക്കുക. ഉദ്ഘാടനസമ്മേളനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും സെൻട്രൽ ഹാളിലെത്തി പ്രതിനിധികളോട് സംവദിച്ചു. ഫോറത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള സ്പീക്കർ ഓം ബിർളയുടെ കുറിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.

പ്രാദേശികമായ തർക്കങ്ങൾ, യുദ്ധങ്ങൾ, സാമ്പത്തിക അസ്ഥിരത, വ്യാപാരസംഘർഷങ്ങൾ, ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ലോകം നേരിടുന്ന പ്രതിസന്ധികൾ രാജ്യാതിർത്തിക്കുള്ളിൽ ഒതുങ്ങുന്നില്ലെന്ന് സ്പീക്കർ പറഞ്ഞു. ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ പരസ്പരസംവാദവും നയതന്ത്ര ഇടപെടലുകളും ശക്തിപ്പെടുത്തണം. ഇതിന് പാർലമെന്റുകൾക്ക് നിർണായക പങ്കുവഹിക്കാനുണ്ട്. ലോക സമ്പദ് വ്യവസ്ഥയുടെയും വ്യാപാരത്തിന്റെയും ഗണ്യമായ പങ്ക് ബ്രിക്സ് രാജ്യങ്ങളിൽനിന്നാണ് -സ്പീക്കർ പറഞ്ഞു.

ലോകജനസംഖ്യയുടെ പകുതിയോളംവരുന്ന ബ്രിക്സ് അംഗരാജ്യങ്ങൾക്ക് ആഗോളസഹകരണം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് ചൂണ്ടിക്കാട്ടി.

Content Highlights: 12th BRICS Parliamentary Forum inaugurated at the Old Parliament House Central Hall in New Delhi., Lok Sabha Speaker Om Birla stated that parliaments can build mutual trust and reduce global conflicts., PM Narendra Modi interacted with the delegates after the inaugural session., Delegates from 21 countries including 11 member nations and 10 partner countries are participating.