മഹാരാഷ്ട്രയില്‍ പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കി; 12 കുട്ടികള്‍ ആശുപത്രിയില്‍

മുംബൈ : മഹാരാഷ്ട്രയില്‍ പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെത്തുടര്‍ന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
"12 കുട്ടികള്‍ക്ക് യവത്മാലില്‍ പോളിയോ തുള്ളിമരുന്നിന് പകരം ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കി. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, ഡോക്ടര്‍, ആശ വര്‍ക്കർ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യും. അന്വേഷണം നടക്കുകയാണ്," യവത്മാല്‍ ജില്ലാ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീകൃഷ്ണ പഞ്ചാലിനെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സിസായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ഭംബോറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കപ്‌സി സബ് സെന്ററില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കിയിട്ടുണ്ടെന്ന് മനസിലായതിനേ തുടര്‍ന്ന് തുടര്‍ന്ന് മാതാപിതാക്കളെ വീണ്ടും വിളിക്കുകയും കുട്ടികള്‍ക്ക് പോളിയോ തുള്ളികള്‍ നല്‍കുകയും ചെയ്തു. കുട്ടികളെ പിന്നീട് യവത്മാലിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് പ്രാദേശിക ഭരകൂടം അധികാരികള്‍ക്ക് പരാതി നല്‍കുകയായിരുന്നു. പോളിയോ തുള്ളിമരുന്ന് കൃത്യമായി ലേബല്‍ ചെയ്തിരിക്കുന്നതിനാല്‍ ഇത് സംഭവിക്കാന്‍ സാധ്യതയില്ലാത്താണെന്നും പോളിയോ നല്‍കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം ലഭിച്ചോ എന്ന കാര്യം അന്വേഷിക്കുമെന്നും ശ്രീകൃഷ്ണ പഞ്ചാല്‍ പറഞ്ഞു. ഇത് ജീവനക്കാരുടെ അശ്രദ്ധമൂലം സംഭവിച്ചതാണെന്നും അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: 12 Children Administered Sanitiser Instead Of Polio Drops In Maharashtra
Content Highlights: