'ബി.ജെ.പിക്ക് വോട്ടുചെയ്യുന്നവര്‍ പിശാചുക്കള്‍'; സുര്‍ജേവാലയുടെ പരാമര്‍ശം വിവാദത്തില്‍

ന്യൂഡല്‍ഹി: ബി.ജെ.പിക്ക് വോട്ടുചെയ്യുന്നവരും ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരും പിശാചുക്കളുടെ സ്വഭാവമുള്ളവരാണെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ രണ്‍ദീപ് സുര്‍ജേവാല. ബിജെപിയും ജെജെപിയും പിശാചുക്കളുടെ പാര്‍ട്ടിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഞായറാഴ്ച ഹരിയാനയില്‍ നടന്ന കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു സുര്‍ജേവാലയുടെ വിവാദ പരാമര്‍ശം.
'യുവാക്കള്‍ക്ക് അവസരം ലഭിക്കുന്നില്ല. അവരുടെ ഭാവിവെച്ചാണ് ഈ സര്‍ക്കാര്‍ കളിക്കുന്നത്. അതുകൊണ്ടാണ് യുവാക്കള്‍ക്ക് നീതിതേടി ഞങ്ങള്‍ 17 കിലോമീറ്റര്‍ നടക്കുന്നത്. പരീക്ഷ എഴുതാനുള്ള അവരുടെ അവസരം പോലും നിങ്ങള്‍ തട്ടിയെടുക്കുകയാണ്. ബിജെപിക്ക് വോട്ടുചെയ്യുന്നവരും ബിജെപിയെ പിന്തുണയ്ക്കുന്നവരും പിശാചുക്കളുടെ സ്വഭാവമുള്ളവരാണ്. ഈ മഹാഭാരത മണ്ണില്‍നിന്ന് ഞാന്‍ അവരെ (ബിജെപി-ജെജെപി) ശപിക്കുന്നു' - എന്ന സുര്‍ജേവാലയുടെ പരാമര്‍ശമാണ് വിവാദമായത്.
സുര്‍ജേവാലയുടെ പരാമര്‍ശം സംബന്ധിച്ച വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹത്തിനെതിരേ ബിജെപി രംഗത്തെത്തി. രാജകുമാരനെ (രാഹുല്‍ ഗാന്ധി) ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വീണ്ടും വീണ്ടും പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ്, വോട്ടര്‍മാരെ പരസ്യമായി അപമാനിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പാത്ര വിമര്‍ശിച്ചു. ആവര്‍ത്തിച്ചുള്ള തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കിയെന്നും അവര്‍ പ്രതിപക്ഷ സ്ഥാനത്ത് തന്നെ തുടരാന്‍ തീരുമാനിച്ചുവെന്നതാണ് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നല്‍കുന്ന സൂചനയെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും കുറ്റപ്പെടുത്തി.
Content Highlights: 'Those Who Vote For BJP Are Rakshas': Cong's Surjewala Stirs Massive Controversy; BJP Reacts