'നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ...?'; മകനെക്കുറിച്ചുള്ള ചോദ്യത്തോട് പൊട്ടിത്തെറിച്ച് അജയ് മിശ്ര

സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ നിന്ന് | Photo: Screengrab from twitter video| twitter.com|ANINewsUP
സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ നിന്ന് | Photo: Screengrab from twitter video| twitter.com|ANINewsUP

ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. ജയിലില്‍ കഴിയുന്ന മകന്‍ ആശിഷ് മിശ്രയെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെയാണ് അജയ് മിശ്ര അധിക്ഷേപിച്ചത്. ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ട മന്ത്രി മാധ്യമപ്രവര്‍ത്തകര്‍ കള്ളന്മാരാണെന്നും പറഞ്ഞു. 

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ ഒരു ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. ലംഖിംപുര്‍ഖേരി സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ആഷിഷ് മിശ്രയുടെ ജയില്‍വാസത്തേക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചത്. ചോദ്യത്തേത്തുടര്‍ന്ന് അസ്വസ്ഥത പ്രകടപിപ്പിച്ച അജയ് മിശ്ര മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഇത്തരം വിവേകശൂന്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ മന്ത്രി നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ എന്നും മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു. " നിങ്ങള്‍ക്ക് നാണമുണ്ടോ... കുറ്റാരോപിതനായ വ്യക്തിയെ ജയിലിലടച്ച കള്ളന്മാരാണ് മാധ്യമപ്രവര്‍ത്തകര്‍. നിങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക... നിങ്ങള്‍ക്ക് എന്താണ് അറിയേണ്ടത്" - സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ അജയ് മിശ്ര പറയുന്നു.  

ലഖിംപുര്‍ഖേരിയില്‍ കര്‍ഷകരുടെ ഇടയിലേക്ക് വാഹനമോടിച്ചുകയറ്റിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പ്രത്യേകാന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി.) റിപ്പോര്‍ട്ടിന് പിന്നാലെ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി കേസില്‍ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാന്‍ മിശ്രയെ ഉടന്‍ പുറത്താക്കണമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും കോണ്‍ഗ്രസ് യുപി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും ആവശ്യപ്പെട്ടു.

Content Highlights: 'Switch your phone off...': Minister Ajay Mishra Lunges At Reporter For Referencing Jailed Son

Content Highlights: