ബാര്‍ജ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു: സല്യൂട്ട്, ഇന്ത്യന്‍ നേവി...!

ബാര്‍ജ് അപകടത്തില്‍ അകപ്പെട്ടവരെ നാവികസേന രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരുന്നു |ANI
ബാര്‍ജ് അപകടത്തില്‍ അകപ്പെട്ടവരെ നാവികസേന രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരുന്നു |ANI

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ മുങ്ങിപ്പോയ ബാര്‍ജില്‍ നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 188 പേരെ ഇതുവരെ രക്ഷപ്പെടുത്താനായെങ്കിലും 38 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 

നാവികസേനയും തീരരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിനിടെ മരണത്തെ മുഖാമുഖം കണ്ട, ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട അനുഭവത്തെക്കുറിച്ച് പറയുകയാണ് തൊഴിലാളികളില്‍ ചിലര്‍. 

ജീവന്‍ രക്ഷിച്ചതിന് ഇന്ത്യന്‍ നാവികസേനയെ സല്യൂട്ട് ചെയ്യുന്നുവെന്നാണ് ബാര്‍ജിലെ ക്രൂ അംഗങ്ങളിലൊരാളായ സ്വപ്‌നില്‍ സാവന്ത് രക്ഷപ്പെട്ടതിനു ശേഷം പ്രതികരിച്ചത്. ഏറെ കലുഷിതമായ സാഹചര്യമായിരുന്നു ചുറ്റും. തിരമാലകള്‍ ഉയര്‍ന്ന് ആഞ്ഞടിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും സ്വന്തം ജീവന്‍ പണയം വെച്ച് തങ്ങളെ രക്ഷപ്പെടുത്തിയ നാവികസേനയെ സല്യൂട്ട് ചെയ്യുന്നുവെന്ന് സ്വപ്‌നില്‍ പറഞ്ഞു. 

വെള്ളത്തില്‍നിന്ന് കയറാനാവാതെ മുങ്ങിപ്പോയ അമിത് കുമാര്‍ കുശ്‌വാലയെ 11 മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്താനായത്. ' ബാര്‍ജ് മുങ്ങുകയായിരുന്നു. കടലിലേക്ക് ചാടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലായിരുന്നു. ലൈഫ് ജാക്കറ്റിന്റെ ബലത്തില്‍ പതിനൊന്ന് മണിക്കൂറാണ് വെള്ളത്തില്‍ കുടുങ്ങിയത്.' അമിത് പറഞ്ഞു. 

താന്‍ ജീവിച്ചിരിക്കുന്നതിന് കാരണം ഇന്ത്യന്‍ നാവികസേനയിലെ ധീരരായ സൈനികരാണെന്നായിരുന്നു മറ്റൊരു തൊഴിലാളി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത്. നേവി തിരിച്ചു തന്ന ജീവിതമാണിത്. കൂടെയുള്ള ആരും ജീവനോടെയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അപകടത്തില്‍പ്പെട്ട ബാര്‍ജില്‍നിന്ന് സാരമായി പരിക്കേറ്റ വികാസും ജീവന്‍ തിരിച്ചുതന്ന നാവികസേനയ്ക്ക് നന്ദി പറഞ്ഞു. അവരില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ജീവനോടെ ഉണ്ടാവുമായിരുന്നില്ലെന്നും വികാസ് പറഞ്ഞു. 

ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയില്‍നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിപ്പോയ ബാര്‍ജില്‍ എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്. മൂന്നുദിവസം നീണ്ട കഠിനപ്രയത്നത്തിലാണ് നാവികസേനയും തീരരക്ഷാ സേനയും ചേര്‍ന്ന് 188 പേരെ രക്ഷപ്പെടുത്തിയത്. ഇവരെയും കണ്ടെടുത്ത മൃതദേഹങ്ങളും വഹിച്ചുകൊണ്ട് നാവികസേനയുടെ ഐ.എന്‍.എസ്. കൊച്ചി എന്ന കപ്പല്‍ ബുധനാഴ്ച മുംബൈ തുറമുഖത്തെത്തി. മറ്റൊരു ബാര്‍ജായ ഗാല്‍ കണ്‍സ്ട്രക്ടറിലെ 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.

Content Highlights: "Held On To Life Jacket For 11 Hours": After Rescue, Stories Of Survival

Content Highlights: