റംസാൻ: യുഎഇയിൽ ഒട്ടേറെ തടവുകാർക്ക് മോചനം

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

അബുദാബി: റംസാനോട് അനുബന്ധിച്ച് 1440 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. തടവുകാർക്ക് തെറ്റുകൾ തിരുത്തി പുതിയൊരു ജീവിതം തുടങ്ങാൻ അവസരമൊരുക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങളുടെ വിഷമതകൾ ലഘൂകരിക്കുകയുമാണ് കാരുണ്യദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ പ്രസിഡന്റ് നേരിട്ട് തീർപ്പാക്കും. റംസാൻ പുണ്യനാളുകളിൽ പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കാൻ തടവുകാർക്ക് അവസരം ലഭിക്കുന്നത് അനേകം കുടുംബങ്ങളിലേക്ക് സന്തോഷമെത്തിക്കും. മാനുഷികമൂല്യങ്ങൾക്കും കുടുംബങ്ങളുടെ സുസ്ഥിരതക്കും യുഎഇ ഭരണകൂടം നൽകുന്ന പ്രാധാന്യമാണ് നടപടിയിലൂടെ വ്യക്തമാകുന്നത്.

റംസാനോട് അനുബന്ധിച്ച് 1856 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. തടവുകാർക്ക് മാപ്പ് നൽകാനുള്ള ശൈഖ് മുഹമ്മദിന്റെ ഉത്തരവ് അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനും അവർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും സഹായകരമാകുമെന്ന് ദുബായ് അറ്റോർണി ജനറൽ ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. ദുബായ് പോലീസുമായി സഹകരിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ശൈഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നിയമനടപടിക്രമങ്ങൾ ആരംഭിച്ചതായി അൽ ഹുമൈദാൻ വ്യക്തമാക്കി.

യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 738 തടവുകാർക്ക് മാപ്പ് നൽകാനും ഉത്തരവിട്ടിട്ടുണ്ട്. സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി 407 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. അവരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുമെന്നും വ്യക്തമാക്കി. റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, ശൈഖ് സൗദിന്റെ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമനടപടിക്രമങ്ങളുമായി മുന്നോട്ട് പോകാൻ നിർദ്ദേശങ്ങൾ നൽകി.

134 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും ഉത്തരവിട്ടു. അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി അജ്മാൻ ഭരണാധികാരിയോട് നന്ദിയും കടപ്പാടും അറിയിച്ചു.തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 125 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഫുജൈറ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ബിൻ ഗാനിം അൽ കഅബി നടപടിക്ക് ശൈഖ് ഹമദിന് നന്ദി പറഞ്ഞു.

Content Highlights: UAE President and rulers release over 4,000 prisoners for Ramadan, offering a chance for new beginnings and family reunions