ഷാര്‍ജ പുസ്തകമേള നവംബറിൽ; സച്ചിദാനന്ദന്‍, സന്തോഷ്‌കുമാര്‍, പ്രാജക്ത കോലി എന്നിവരെത്തും

ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (എസ്‌ഐബിഎഫ്) തുടക്കമാവുന്നു. പുസ്തകമേളയുടെ 44-ാമത് പതിപ്പിന് നവംബർ അഞ്ചിന് തുടക്കമാകുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്ബിഎ) സിഇഒ അഹമദ് ബിന്‍ റക്കാദ് അല്‍ അംറി പറഞ്ഞു. അടുത്തമാസം 16 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് മേള. 'നിങ്ങള്‍ക്കും പുസ്തകത്തിനുമിടയില്‍' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള അരങ്ങേറുക. ഗ്രീസ് ആണ് അതിഥി രാജ്യം.
12 ദിവസത്തെ മേളയില്‍ ഇന്ത്യയില്‍നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാര്‍, പ്രസാധകര്‍ എന്നിവരെത്തും. 118 രാജ്യങ്ങളില്‍നിന്നുള്ള 2350 പ്രസാധകരും പ്രദര്‍ശകരും പങ്കെടുക്കും. ജമൈക്ക, ലൈജീരിയ, മാലി, സെനഗല്‍ എന്നിവയടക്കം 10 പുതിയ രാജ്യങ്ങളും സംബന്ധിക്കും. സാഹിത്യം, സംസ്‌കാരം, വിജ്ഞാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 66 രാജ്യങ്ങളില്‍നിന്നുള്ള 251 അതിഥികളാണ് ഇത്തവണ ഷാര്‍ജയില്‍ എത്തുക.
ഇന്ത്യയില്‍നിന്നു കവി കെ. സച്ചിദാനന്ദന്‍, എഴുത്തുകാരനും വയലാര്‍ പുരസ്‌കാര ജേതാവുമായ ഇ. സന്തോഷ്‌കുമാര്‍, ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍ പ്രാജക്ത കോലി എന്നിവരും പങ്കെടുക്കും. കൂടുതല്‍ ഇന്ത്യന്‍ എഴുത്തുകാരെ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകർ പറഞ്ഞു. നൈജീരിയന്‍ സാഹിത്യത്തിലെ അതികായ ഹാഫ് ഓഫ് എ യെല്ലോ സണ്‍, അമേരിക്കാന എന്നീ പ്രശസ്ത നോവലുകളുടെ രചയിതാവുമായ ചിമാമണ്ട എന്‍ഗോസി അഡീച്ചി മേളയുടെ പ്രധാന ആകര്‍ഷണമായിരിക്കും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി 750 ശില്‍പ്പശാലകള്‍, 300-ലേറെ സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെ 1200-ലേറെ പരിപാടികള്‍ പുസ്‌തകമേളയോട് അനുബന്ധിച്ചുണ്ടാകും. ഇറ്റാലിയന്‍ ഭൗതിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാര്‍ലോ റോവെല്ലി, ഐറിഷ് നോവലിസ്റ്റ് പോള്‍ ലിഞ്ച്, ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞന്‍ ഡോ. ജൂലി സ്മിത്ത് തുടങ്ങിയ പ്രശസ്തരായ എഴുത്തുകാരും ചിന്തകരും മേളയുടെ ഭാഗമാകും. ഈജിപ്‌റ്റോളജിസ്റ്റ് സാഹി ഹവാസ്, ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ മോ ഗൗദത്ത്, കവയിത്രിയും ചലച്ചിത്ര സംവിധായികയുമായ നജൂം അല്‍ ഗാനം തുടങ്ങിയ പ്രമുഖ അറബ് വ്യക്തിത്വങ്ങളും ചര്‍ച്ചകളില്‍ പങ്കെടുക്കും.
ഇത്തവണത്തെ അതിഥിരാജ്യമായ ഗ്രീസിന്റെ പ്രസിദ്ധീകരണങ്ങള്‍, ചരിത്രരേഖകള്‍, പ്രമുഖ സാഹിത്യകാരന്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഗ്രീസിന്റെ പവലിയനില്‍ പ്രദര്‍ശിപ്പിക്കും. പോയട്രി ഫാര്‍മസി, പോപ്-അപ്പ് അക്കാദമി, പോഡ്കാസ്റ്റ് സ്‌റ്റേഷന്‍ തുടങ്ങിയ പുതിയ സവിശേഷതകളുമുണ്ടാകും. എട്ട് ഭാഷകളിലുള്ള കവിതാ സന്ധ്യയും അരങ്ങേറും. ന്യൂയോര്‍ക്ക് ത്രില്ലര്‍ ഫെസ്റ്റിവലുമായി സഹകരിച്ചുള്ള നാലാമത് ത്രില്ലര്‍ ഫെസ്റ്റിവല്‍ നവംബര്‍ എട്ട് മുതല്‍ 11 വരെ നടക്കും. പബ്ലിഷേഴ്‌സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ട് മുതല്‍ നാല് വരെ നടക്കും. കൂടാതെ മേളയുടെ ഭാഗമായി പന്ത്രണ്ടാമത് ഷാര്‍ജ അന്താരാഷ്ട്ര ലൈബ്രറി കോണ്‍ഫറന്‍സ് നവംബര്‍ എട്ട് മുതല്‍ 10 വരെ നടക്കും.
സന്ദര്‍ശകര്‍ക്കായി വിപുലമായ യാത്രാക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. പാര്‍ക്കിങ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ജലഗതാഗതം, ഷട്ടില്‍ ബസ് സര്‍വീസ് എന്നിവയെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ എസ്ബിഎ ചെയര്‍പേഴ്‌സണ്‍ ശൈഖ ബൊദൂര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് പുസ്തകമേള അരങ്ങേറുന്നതെന്ന് അഹമദ് ബിന്‍ റക്കാദ് അല്‍ അംറി പറഞ്ഞു.
Content Highlights: Sharjah International Book Fair