പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായത്തിനായുള്ള ശ്രമത്തില്‍ പ്രവാസി ലീഗല്‍ സെല്‍

മനാമ:  പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായത്തിനായുള്ള നിലവിലെ സംവിധാനങ്ങള്‍  പര്യാപ്തമെന്നു കേരള ഹൈക്കോടതി. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്കു വരുന്നവര്‍ക്കായി വിദേശരാജ്യങ്ങളില്‍ സൗജന്യ നിയമ സഹായത്തിനായി സംവിധാനമുണ്ടാക്കണമെന്നാവശപ്പെട്ടു ലോയേഴ്‌സ് ബീയോണ്ട്  ബോര്‍ഡര്‍, പ്രവാസി ലീഗല്‍ സെല്‍ എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട്  കേരള ഹൈക്കോടതി പാസാക്കിയ വിധിന്യായത്തിലാണ് പ്രസ്തുത പരാമര്‍ശം.

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്നതിനു വേണ്ട സംവിധാനങ്ങള്‍  ഉണ്ടാകുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ മറുപടി ഫയല്‍ ചെയ്യുവാന്‍ കേരള ഹൈകോടതി കേന്ദ്ര സംസ്ഥാന സര്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തങ്ങള്‍ ഫയല്‍ ചെയ്ത മറുപടിയില്‍  സൗജന്യ നിയമ സഹായം നല്‍കുന്നതിനായി നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ചു വളരെ  വിശദമായി കേന്ദ്ര, കേരള സര്‍ക്കാരുകള്‍ പ്രതിപാദിച്ചിരുന്നു. 

നോര്‍ക്കയുടെ നേതൃത്വത്തില്‍ നിലവിലുള്ള നിയമസഹായ പദ്ധതിയെപ്പറ്റി കേരള സര്‍ക്കാരും വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ മദദ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫേര്‍ ഫണ്ട്  തുടങ്ങിയവയെ കുറിച്ച് കേന്ദ്ര സര്‍ക്കാരും തങ്ങളുടെ മറുപടി സത്യവാങ്മൂലത്തില്‍  വിശദമായി പ്രതിപാദിച്ചിരുന്നു. ഇതില്‍ സംതൃപ്തി അറിയിച്ച കോടതി തങ്ങളുടെ  പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാരുകള്‍  സ്വീകരിക്കും എന്ന ഉറപ്പില്‍ ഹര്‍ജി തീര്‍പ്പു കല്‍പിക്കുകയായിരുന്നു. 

സൗജന്യ നിയമസഹായം ലഭിക്കുന്നതിനായി പ്രവാസികള്‍ക്കു അര്‍ഹതയുണ്ട് എന്ന കോടതിയുടെ വിധിന്യായം പ്രവാസികളെ നിയമപരമായി കൂടുതല്‍ ശാക്തീകരിക്കുമെന്നും  ആര്‍ക്കെങ്കിലും വേണ്ടത്ര നിയമസഹായം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഈ വിധിന്യായം സഹായിക്കുമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. ചീഫ് ജസ്റ്റിസ് മണികുമാര്‍ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Content Highlights: