സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി

റിയാദ്: കൊറോണ വൈറസ് മൂലം സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മലയാളികളായ ഒരു ഡോക്ടറും പതിനേഴ് നഴ്സുമാരും അടങ്ങുന്ന സംഘമാണ് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഇവരില്‍ ഭൂരിഭാഗം പേരും പ്രസവത്തിനും ബന്ധപ്പെട്ട ചികിത്സയ്ക്കും വേണ്ടി മുന്‍പേ തന്നെ ജോലി രാജി വെച്ചും ലീവ് എടുത്തും നാട്ടിലേക്ക് വരുന്നതിനായി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ടിക്കറ്റ് എടുത്തിരുന്നു. പക്ഷെ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പടെ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാലാണ് വിദേശത്ത് തന്നെ തുടരുവാന്‍ നിര്‍ബന്ധിതരായത്. ഈ സാഹചര്യത്തിലാണ് തങ്ങളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സൗദി അറേബ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്ലീസ് ഇന്ത്യ ചെയര്മാന് ലത്തീഫ് തെച്ചി മുഖേനെ പ്രവാസി ലീഗല്‍ സെല്ലിനെ സമീപിക്കുകയും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തത്.
നാട്ടില്‍ മടങ്ങിയെത്തി ലോകരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ കഴിയാന്‍ ഇവര്‍ തയ്യാറായിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും സ്വന്തം പൗരന്മാര് നാട്ടിലേക്ക് വരുന്നത് വിലക്കുന്നതിലൂടെ തുല്യതയ്ക്കും ജീവിക്കാനുമുള്ള ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുകയാണെന്നും ഇത് ജനിക്കുവാന്‍ പോകുന്ന കുട്ടിയോടുള്ള അനീതിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു.അതിനാല്‍ ലോക്ക് ഡൗണ്‍ കാലത്ത് ഗുരുതരമായ അസുഖമുള്ള രണ്ട് വ്യക്തികളെ ഇംഗ്ലണ്ടില്‍ നിന്നും കുവൈറ്റില്‍ നിന്നും നാട്ടില്‍ എത്തിച്ചതുപോലെ ഗര്‍ഭിണികളായ തങ്ങളെയും നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Content Highlights: