ഫ്ളെക്സ്പ്രോ ബാഡ്മിന്റന്‍ പ്രീമിയര്‍ ലീഗ് മൂന്നാം സീസണ്‍ മത്സരങ്ങള്‍

ട്രോഫികൾ അനാവരണം ചെയ്തപ്പോൾ
ട്രോഫികൾ അനാവരണം ചെയ്തപ്പോൾ

ദുബായ്: യുഎഇയിലെ കായികപ്രേമികളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് കമ്യൂണിറ്റി (എഐഎസ്‌സി) സംഘടിപ്പിക്കുന്ന ഫ്‌ളെക്സ്പ്രോ ബാഡ്മിന്റന്‍ പ്രീമിയര്‍ ലീഗിന്റെ (ബിപിഎല്‍ 3.0) മൂന്നാം സീസണ്‍ മത്സരങ്ങള്‍ ആരംഭിക്കുന്നു. മധ്യപൂര്‍വദേശത്ത് ആദ്യമായി ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ നടക്കുന്ന ബാഡ്മിന്റന്‍ ലീഗാണിത്. യുഎഇയില്‍ കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022-ല്‍ ജമാല്‍ ബാക്കറുടെ നേതൃത്വത്തില്‍ സ്ഥാപിച്ചതാണ് എഐഎസ്‌സി. ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ നടക്കുന്ന മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് ബിഡബ്ല്യുഎഫ് സര്‍ട്ടിഫൈഡ് അമ്പയര്‍മാരും യുഎഇ ടെക്നിക്കല്‍ ഓഫീഷ്യല്‍സുമാണ്. ആദ്യ സീസണില്‍ നാല് ടീമുകളും 120 കളിക്കാരും ഉണ്ടായിരുന്ന ലീഗില്‍ ഇത്തവണ ആറ് ഫ്രാഞ്ചൈസി ടീമുകളിലായി 240 ലേറെ കളിക്കാര്‍ അണിനിരക്കും. 300 ലേറെ താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍: ഈ മാസം 16, 23 തിയതികളില്‍ ദുബായിലെ എന്‍ഗേജ് സ്പോര്‍ട്സ് അരീനയില്‍ രാവിലെ 10 മുതല്‍ നടക്കും. പുരുഷ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ്, ട്രിപ്പിള്‍സ്, കോമ്പിനേഷന്‍ മാച്ചുകള്‍ തുടങ്ങിയ വിവിധ ഫോര്‍മാറ്റുകളിലായിരിക്കും മത്സരങ്ങള്‍. യുഎഇയിലെ ആദ്യത്തെ 100 ശതമാനം സമര്‍പ്പിത ബാഡ്മിന്റന്‍ അരീനയാണ് എന്‍ഗേജ് സ്പോര്‍ട്സ് അരീന.

Content Highlights: UAE's Premier Badminton League Returns: Flexpro BPL 3.0 Kicks Off in Dubai