ബഹ്‌റൈന്‍ മീഡിയ സിറ്റി ആയിരം തൊഴിലാളികള്‍ക്ക് ഓണസദ്യ ഒരുക്കുന്നു

മനാമ: 'ശ്രാവണ മഹോത്സവം 2022' എന്ന പേരില്‍ ബഹ്‌റൈന്‍ മീഡിയ സിറ്റി അണിയിച്ചൊരുക്കിയ 21 ദിവസത്തെ ഓണാഘോഷങ്ങള്‍ അവസാനഘട്ടത്തിലെത്തി. ഇരുപതാം ദിവസമായ ഒക്ടോബര്‍ 14 വെള്ളിയാഴ്ച ആയിരം തൊഴിലാളികള്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും. വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള 1000 തൊഴിലാളികള്‍ക്കൊപ്പം വിശിഷ്ട അതിഥികളും കമ്മിറ്റി അംഗങ്ങളും സദ്യയില്‍ പങ്കെടുക്കും.
സുമനസ്സുകളായ നിരവധിപേരുടെ സഹകരണത്തോടെയാണ് ബഹ്‌റൈന്‍ മീഡിയ സിറ്റി വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള 1000 തൊഴിലാളികളെ ഓണാഘോഷങ്ങളിലും ഓണസദ്യയിലും പങ്കെടുപ്പിക്കുന്നത് എന്ന് ബഹ്‌റൈന്‍ മീഡിയ സിറ്റി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് പറഞ്ഞു. ബഹ്‌റൈന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ഓണസദ്യ നടത്തപ്പെടുന്നത് എന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ.പി.വി ചെറിയാന്‍ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി വിവിധങ്ങളായ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട് എന്ന് ജനറല്‍ കണ്‍വീനര്‍ അന്‍വര്‍ നിലമ്പൂര്‍ പറഞ്ഞു. എബ്രഹാം ജോണ്‍, സയ്യദ് മുസ്തഫ, സലാം, അമല്‍ദേവ്, റിതിന്‍ തിലകന്‍, കാത്തു, മിനി റോയ് തുടങ്ങി 51 അംഗങ്ങളടങ്ങിയ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. വിശിഷ്ട അതിഥികള്‍ ആയി ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവിശങ്കര്‍ ശുക്‌ള, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ അപ്പ് ഡയറക്ടര്‍ യൂസഫ് യാക്കോബ് ലോറി തുടങ്ങിയവരും പങ്കെടുക്കും.
Content Highlights: Bahrain Media City