700 വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്ന മൂന്നാം ക്ലാസുകാരി; ദേവിക ദീപക്കിന് കണ്ടലമ്മച്ചി പുരസ്കാരം

കോട്ടയം: കേരളത്തിലെ കണ്ടൽച്ചെടികളുടെ അമ്മ ‘കണ്ടലമ്മച്ചി’ എന്ന പേരിൽ അറിയപ്പെടുന്ന മറിയാമ്മ കുര്യന്റെ പേരിൽ ഏർപ്പെടുത്തിയ പരിസ്ഥിതി പുരസ്കാരത്തിന് കോഴിക്കോട് വേങ്ങേരിയിലെ ദേവിക ദീപക് അർഹയായി. മലാപ്പറമ്പ് ലിറ്റിൽ കിങ്‌സ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ദേവിക പൊതുയിടങ്ങളിൽ 700 വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്നു.
ഈ വർഷംതന്നെ 1000 തൈകൾ നട്ടുവളർത്തണമെന്നാണ് ദേവികയുടെ ആഗ്രഹം. ഒഴിവുദിനങ്ങളിൽ അച്ഛനും അമ്മയ്ക്കും ഒപ്പം വെള്ളവും വളവും കുഞ്ഞുതൂമ്പയും വൃക്ഷത്തൈകളും ട്രീഗാർഡും കരുതിയുള്ള യാത്ര മറ്റു കുട്ടികളിൽനിന്ന് ദേവികയെ വ്യത്യസ്തയാക്കുന്നു.
18-ന് കോഴിക്കോട് മലാപ്പറമ്പിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് വൃക്ഷ പരിസ്ഥിതി സംരക്ഷണസമിതി ജനറൽ സെക്രട്ടറി കെ. ബിനു, സംസ്ഥാന പ്രസിഡന്റ് ടി.എൻ. പ്രതാപൻ, കോഡിനേറ്റർ ഗോപകുമാർ കങ്ങഴ എന്നിവർ അറിയിച്ചു.
Content Highlights: Young Girl Wins `Kandalammachi` Award for Environmental Work