ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽ മരിച്ച ജോയിയുടെ മാതാവിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ഗൃഹപ്രവേശനം വെള്ളിയാഴ്ച

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽ മരിച്ച ജോയിയുടെ മാതാവിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ഗൃഹപ്രവേശനം വെള്ളിയാഴ്ച. ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് നഗരസഭയാണ് വീട് നിർമ്മിച്ചത്.
കോർപ്പറേഷൻ അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമാണം. ജോയി താമസിച്ചിരുന്ന വീടിനു സമീപം പുതിയൊരു വീട് നിർമിക്കാം എന്ന് തീരുമാനിച്ചെങ്കിലും ഈ സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തിയതോടെ മറ്റൊരിടം തേടുകയായിരുന്നു. ഒടുവിൽ മാരായമുട്ടം അണമുഖം വാർഡിലെ കോണത്തുവിളാകത്ത് സ്ഥലം വാങ്ങിയാണ് പുതിയ വീട് നിർമിച്ചത്.
ജോയിയുടെ മാതാവും സഹോദരങ്ങളും റെയിൽവേയേയും കോർപ്പറേഷനേയും എതിർകക്ഷികളാക്കി എംപ്ലോയീസ് കോംപൻസേഷൻ കോടതിയിൽ 30 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു. റെയിൽവേ 13,23,131 രൂപ കോടതിയിൽ കെട്ടിവെച്ചു. ഈ തുക പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ കുമാരപുരം ശാഖയിൽ സ്ഥിര നിക്ഷേപം നടത്തി അതിന്റെ സർട്ടിഫിക്കറ്റ് മാർച്ചിൽ ജോയിയുടെ മാതാവിന് കൈമാറി.
കഴിഞ്ഞ ജൂലൈ 12-ന് ആണ് ആമയിഴഞ്ചാൻ തോട്ടിൽ ജോയിയെ കാണാതായത്. ഉപജീവനത്തിന്റെ ഭാഗമായാണ് ജോയി തോട് ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ജോയിയുടെ സംരക്ഷണയിലായിരുന്നു മാതാവ്.
Content Highlights: New Home for Mother of Joy: A Community's Response to Tragedy in Thiruvananthapuram