പ്ലസ്ടു സയൻസ് പരീക്ഷയിൽ മുഴുവൻ എ പ്ലസ്; അടിച്ചിപ്പുഴയിൽ താരമായി അശ്വതി

റാന്നി (പത്തനംതിട്ട): പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഇക്കാലത്ത് വാര്‍ത്തയൊന്നുമല്ലായിരിക്കാം. എന്നാല്‍ അടിച്ചിപ്പുഴ ട്രൈബല്‍ നഗറില്‍ ഇത് ചരിത്രസംഭവമാണ്. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചതോടെ നാട്ടില്‍ ചരിത്രംകുറിച്ച് താരമായിരിക്കുകയാണ് അശ്വതിമോള്‍.
അടിച്ചിപ്പുഴ, ചൊള്ളനാവയല്‍, കരികുളം നഗറുകളിലെ അഞ്ഞൂറിലധികം പട്ടികവര്‍ഗ കുടുംബങ്ങളില്‍നിന്നും ആദ്യമാണ് ഈ വിജയം. പ്ലസ്ടു സയന്‍സ് പരീക്ഷയില്‍ ഈ നാട്ടില്‍നിന്നും ആദ്യമായിട്ടാണ് ഒരു കുട്ടി ഈ നേട്ടം കൈവരിക്കുന്നത്. പഠിച്ചത് തിരുവനന്തപുരത്തായതിനാല്‍ നാടറിഞ്ഞുവരാന്‍ അല്‍പം വൈകി.
നാറാണംമൂഴി പഞ്ചായത്തില്‍ അടിച്ചിപ്പുഴ ചൊള്ളനാവയല്‍ പതാലില്‍ കെ.ആര്‍. കുഞ്ഞുമോന്റെയും ശ്രീദേവി കുഞ്ഞുമോന്റെയും മകളാണ് കെ.പി. അശ്വതിമോള്‍. മേസ്തിരിപ്പണി ചെയ്താണ് കുഞ്ഞുമോന്‍ കുടുംബം പുലര്‍ത്തുന്നത്. തിരുവനന്തപുരം കട്ടേല ഡോ. എഎംഎംആര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അശ്വതി പ്ലസ്ടു കോഴ്സിന് പഠിച്ചത്.
95 ശതമാനം മാര്‍ക്ക് നേടി സ്‌കൂളില്‍ ഒന്നാം സ്ഥാനത്തെത്തി. എസ്എസ്എല്‍സി പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയാണ് അശ്വതി വിജയിച്ചത്. ഒരു വര്‍ഷം നീറ്റ് പരീക്ഷയ്ക്കായുള്ള കോച്ചിങ്ങിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ വിദ്യാര്‍ഥിനി.
അതിനായി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കോച്ചിങ് സെന്ററില്‍ പ്രവേശനം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. സഹോദരന്മാരായ അജിത്ത് ടിടിസിക്കും ആരോമല്‍ ആറാം ക്ലാസിലും പഠിക്കുന്നു. ആര്‍എസ്എസ് ശബരിഗിരി ജില്ലാ ഭാരവാഹികള്‍ വീട്ടിലെത്തി അശ്വതിയെ അനുമോദിച്ചു.
Content Highlights: aswathi becomes first to score full a plus in plus two science exam from adichippuzha good news