സമസ്ത ശതാബ്ദി ആഘോഷം: നീലഗിരിയിൽ 850 യുവതീയുവാക്കൾക്ക് പുതുജീവിതമേകി സമൂഹവിവാഹം

#News Desk
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നീലഗിരി ജില്ലയിലെ പാടന്തറയിൽ സംഘടിപ്പിച്ച സമൂഹവിവാഹത്തിൽനിന്ന്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നീലഗിരി ജില്ലയിലെ പാടന്തറയിൽ സംഘടിപ്പിച്ച സമൂഹവിവാഹത്തിൽനിന്ന്

പാടന്തറ (നീലഗിരി): സ്നേഹത്തിന്റെ പുതിയ പാതയിലേക്ക് 850 യുവതീയുവാക്കൾ ചുവടുവെച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പാടന്തറയിൽ സമൂഹവിവാഹം സംഘടിപ്പിച്ചത്.

സമസ്ത ജനറൽസെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ചടങ്ങ് ഉദ്ഘാടനംചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷനായി. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വംനൽകി.

നീലഗിരിയിലെ തോട്ടം തൊഴിലാളികൾ, സാധാരണക്കാർ എന്നിവർക്കുപുറമേ കേരളം, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള വധൂവരൻമാരും ഈ മംഗല്യപ്പന്തലിൽ ഒന്നിച്ചു.

സഹോദര മതത്തിൽപ്പെട്ട 34 പേരുടെ മംഗല്യം പാടന്തറ മാരിയമ്മൻ കോവിലിൽ നടന്നു. പൂജാരിമാരുടെ സാന്നിധ്യത്തിൽ താലിചാർത്തി പുതിയ ജീവിതത്തിലേക്കു പ്രവേശിച്ച നവദമ്പതിമാർക്ക് വിവാഹവസ്ത്രങ്ങളും സ്വർണാഭരണങ്ങളും സംഘാടകർ സമ്മാനിച്ചു. ബന്ധുക്കളും നാട്ടുകാരും അതിഥികളും ഉൾപ്പെടെ ഒരുലക്ഷത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ എല്ലാവർക്കും വിവാഹസദ്യയും ഒരുക്കിയിരുന്നു. നീലഗിരി ജില്ലാ എസ്.വൈ.എസ്. കമ്മിറ്റിയും പാടന്തറ മർകസുമാണ് സംഘാടനത്തിന് നേതൃത്വംനൽകിയത്.

സാമ്പത്തികബുദ്ധിമുട്ടുകൊണ്ട് വിവാഹം മുടങ്ങിപ്പോകുന്ന കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2014-ലാണ് കാരുണ്യദൗത്യത്തിന് തുടക്കംകുറിച്ചതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

2014-ൽ 114 ജോഡികളുമായി തുടങ്ങിയ ഈ വിവാഹസംഗമത്തിലൂടെ ഇതിനകം രണ്ടായിരത്തോളം യുവതീയുവാക്കളാണ് പുതുജീവിതത്തിലേക്കു പ്രവേശിച്ചത്.

ചടങ്ങിൽ ദർസ് രംഗത്ത് 50 വർഷം പൂർത്തിയാക്കിയ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്ലിയാരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആദരിച്ചു. പാടന്തറ മർകസിൽനിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സനദ് ദാനവും ഇതോടൊപ്പംനടന്നു. സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, ഡോ. എ.പി. അബ്ദുൽഹക്കീം അസ്ഹരി, സയ്യിദ് മുനീർ തങ്ങൾ, ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, മാളിയേക്കൽ സുലൈമാൻ സഖാഫി എന്നിവർ ചടങ്ങിൽ സംസാരിച്ചു. സി.കെ.കെ. മദനി, സയ്യിദ് അലി അക്ബർ സഖാഫി, അബ്ദുറഹ്‌മാൻ ദാരിമി, സീഫോർത്ത് മജീദ് ഹാജി, കെ.പി. മുഹമ്മദ് ഹാജി, സി.കെ.എം. പാടന്തറ, ടി.പി. ഹക്കീം, ഫിറോസ് സഖാഫി, മജീദ് കക്കാട് എന്നിവർ സംബന്ധിച്ചു.

Content Highlights: Mass wedding organized for 850 couples as part of Samastha centenary celebrations., The initiative supports families facing financial hardships with marriage expenses., Includes interfaith ceremonies for 34 couples at local temples., Over 2,000 couples have been married through this initiative since its inception in 2014., Event attended by prominent scholars and over 100,000 guests.