ഈ ജീവിതത്തിനെന്ത്‌ മധുരം; വീഴ്ചകളിൽ പതറാതെ ഒരമ്മയുടെ പരീക്ഷണകാലം

#അപർണ എസ്. തമ്പി
രമാകുമാരി തന്റെ വാഹനത്തിൽ, രമാകുമാരി അമ്മ തന്റെ പലഹാരയൂണിറ്റിൽ
രമാകുമാരി തന്റെ വാഹനത്തിൽ, രമാകുമാരി അമ്മ തന്റെ പലഹാരയൂണിറ്റിൽ

തിരുവനന്തപുരം: തിളച്ച എണ്ണയിൽ കിടന്ന് പാകപ്പെടുന്ന പലഹാരക്കൂട്ടം പോലെയാണ് രമാകുമാരി അമ്മയുടെ ജീവിതവും. കുട്ടിക്കാലംമുതൽ ജീവിതം പൊള്ളിച്ചു കൊണ്ടേയിരുന്നു.

കഷ്ടപ്പാടുകൾക്കിടയിൽനിന്നു ഓരോ തവണ കരകയറുമ്പോഴും ജീവിതം അവരെ ദുരിതത്തിന്റെ മറ്റൊരു തീക്കടലിലേക്ക് പിടിച്ചിട്ടു. എന്നാൽ മുറിവുകൾക്കുമേൽ അവർ ആത്മധൈര്യത്തിന്റെ മരുന്നു പുരട്ടി, അർബുദത്തെ തോൽപ്പിച്ചു. "ശിവാലയം പുലരി കുടുംബശ്രീ പലഹാര കമ്പനിയുടെ ഉടമയായ രമാകുമാരി അമ്മ ഒരു വണ്ടി നിറയെ പലഹാരങ്ങളുമായി ജീവിതത്തിന്റെ സ്റ്റിയറിങ് പിടിക്കുകയാണ്.

വീഴ്ചകളിൽ പതറാതെ

രമാകുമാരി പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം. അച്ഛന് പലചരക്കിന്റെ മൊത്തക്കച്ചവടമായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു അന്ന്. എന്നാൽ, അമ്മയുടെ അസുഖവും ആശുപത്രിവാസവുമെല്ലാം ജീവിതത്തിന്റെ താളം തെറ്റിച്ചു. അച്ഛന്റെ കച്ചവടവും സ്വത്തുവകകളുമെല്ലാം നഷ്ടമായി. അമ്മയില്ലാത്ത ആറ് കുട്ടികളെ പോറ്റാൻ മറ്റ് നിവൃത്തിയില്ലാതായതോടെ രമാകുമാരിയുടെ അച്ഛൻ ലോഡ്ജിൽ മാനേജരായി ചേർന്നു.

പത്താം ക്ലാസിനുശേഷം രമാകുമാരി ഐ.ടി.ഐ.യിൽ ചേർന്നു. പിന്നീട് കെൽട്രോണിൽ അപ്രന്റിസായി. സർക്കാർ ജോലി കിട്ടിയില്ല. സ്വന്തമായി ഒരു വരുമാനമെന്നത് വാശിയായി. ജീവിക്കാനുള്ള നെട്ടോട്ടത്തിൽ വിവാഹത്തെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചില്ല. 30 -ാം വയസ്സിൽ അമരവിളയിൽ ഒരു ബേക്കറി തുടങ്ങി. ജീവിതം വീണ്ടും പച്ചപിടിച്ചു. അങ്ങനെ 38-ാമത്തെ വയസ്സിൽ അമരവിള സ്വദേശി ശ്രീകുമാരൻ നായരെ വിവാഹം കഴിച്ചു.

ഒരമ്മയുടെ പരീക്ഷണകാലം

വേദനയുടെ മറ്റൊരു പരീക്ഷണകാലം വീണ്ടും അവരെത്തേടിയെത്തി. 42-ാ മത്തെ വയസ്സിൽ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോഴാണ് സ്തനാർബുദം സ്ഥിരീകരിച്ചത്. ഒടുവിൽ ശസ്ത്രകിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പതിനാറ് ദിവസം കുഞ്ഞിനെ പാലൂട്ടി. ഒടുവിൽ മെഡിക്കൽ കോളേജിൽവെച്ച് സ്തനങ്ങളിലൊന്ന് നീക്കം ചെയ്തു.

തുടർചികിത്സ ആർ.സി.സി.യിലായിരുന്നു. ആറുമാസത്തെ ചികിത്സയ്ക്കൊടുവിൽ ജീവിതം തിരിച്ചുപിടിച്ചു. പക്ഷേ, അപ്പോഴേക്കും ഏക വരുമാനമാർഗമായ ബേക്കറി പൂട്ടിപ്പോയിരുന്നു.

വീണ്ടും ഉയിർപ്പ്

ഭർത്താവ് ശ്രീകുമാരൻ നായർ കെട്ടിടം പണിക്കാർക്കൊപ്പം ജോലിക്ക് പോകാൻ തുടങ്ങി. ഇതിനിടെ രമാകുമാരി വീടിന്റെ മുറ്റത്ത് അടുപ്പുകൂട്ടി പലഹാരമുണ്ടാക്കി കടകളിൽ കൊണ്ടുപോയി വിൽക്കാൻ തുടങ്ങി.

ചെറിയ രീതിയിൽ സംരംഭം മെച്ചപ്പെട്ടു. പിന്നീട് കുടുംബശ്രീയിൽനിന്ന് വായ്പയെടുത്ത് പലഹാരക്കച്ചവടം വിപുലമാക്കി. വാഹനം വാങ്ങി. 52-ാം വയസ്സിൽ ഡ്രൈവിങ് പഠിച്ചു, ലൈസൻസ് എടുത്തു. വെള്ളിത്തലമുടിയുമായി ഡ്രൈവിങ് സീറ്റിലിരിക്കുന്ന രമാകുമാരിയമ്മയെ കാണുമ്പോൾ ആദ്യം എല്ലാവർക്കും അതിശയമായിരുന്നു. പ്രതിബന്ധങ്ങളെ പുഞ്ചിരിയോടെ നേരിടാനാണ് ഈ അമ്മയ്ക്കിഷ്ടം.

അമരവിള ദേവേശ്വരം ആനക്കുന്നിൽ വിശുദ്ധമേരിയുടെ ദേവാലയത്തിനും ശിവക്ഷേത്രത്തിനും അരികിലാണ് രമാകുമാരിയുടെ ശിവാലയം എന്ന വീട്.

നാലരവർഷം മുൻപ് ഭർത്താവ് ശ്രീകുമാരൻ നായർ അസുഖം ബാധിച്ച് മരിച്ചു. മക്കളായ ശിവശ്രീയും ശ്രീലക്ഷ്മിയും മരുമക്കളായ ബാലമുരളിയും പ്രവീണും പേരക്കുട്ടികളും അടങ്ങുന്നതാണ് രമാകുമാരി അമ്മയുടെ കുടുംബം. വരുമാനത്തിനൊപ്പം ബാധ്യതകളുമുണ്ട്. പക്ഷേ, അധ്വാനിച്ചു ജീവിക്കുന്നതിലെ സംതൃപ്തിയാണ് അവരെ മുന്നോട്ട് നയിക്കുന്നത്.

വീടിന് പിന്നിലെ ഷീറ്റ് മേഞ്ഞ അടുക്കളയിൽ ഉണ്ണിയപ്പവും കായ് വറുത്തതും അച്ചപ്പവും മുറുക്കുമെല്ലാം വലിയ അടുപ്പുകളിൽ എരിപൊരികൊണ്ടു. ദുരിതത്തിന്റെ വറചട്ടിയിൽനിന്നെന്നപോലെ തീച്ചൂടിൽ കിടന്ന് മൊരിഞ്ഞുപെരുകിയ പലഹാരങ്ങളെ ഇരുമ്പുപാത്രങ്ങളിൽ അവർ കോരിയെടുത്തു, പതിവുപുഞ്ചിരിയോടെ...

Content Highlights: Despite facing severe life trials including her mother's early demise, the loss of family wealth, and a battle with breast cancer during her second pregnancy, Ramakumari Amma built a successful snacks business under Kudumbashree and learned driving at fifty-two to distribute her products.