മാറ്റിവെച്ച ടിക്കറ്റിൽ 30 ലക്ഷം, ആശുപത്രിത്തിരക്കിൽ ബിജു മറന്നു; മകളുടെ അർബുദ ചികിത്സയ്ക്ക് വഴിയായി

#ന്യൂസ് ഡെസ്ക്ക്
ടി.സജിത്ത്
ടി.സജിത്ത്

പെരിയ: മാറ്റിവെച്ച ലോട്ടറി ടിക്കറ്റിന് ലക്ഷങ്ങളുടെ ഭാഗ്യമെത്തിയപ്പോഴും എടുത്തയാളിന് വിവരം നൽകിയ സജിത്തിന്റെ സത്യസന്ധതയ്ക്ക് പെരിയയുടെ ആദരം. പെരിയയിലെ കുലവൻ ലോട്ടറി സ്റ്റാൾ ഉടമ പാറപ്പള്ളി കുമ്പളയിലെ ടി.സജിത്തിനെയാണ് പെരിയയിലെ പൗരാവലി ആദരിച്ചത്. സജിത്തിന്റെ സത്യസന്ധത തുണയായത് അർബുദരോഗചികിത്സ തേടുന്ന കുട്ടിയുടെ കുടുംബത്തിനാണ്.

കേരള ഭാഗ്യക്കുറിയുടെ ബുധനാഴ്ചത്തെ ധനലക്ഷ്മി ടിക്കറ്റിന്റെ നറുക്കെടുപ്പിൽ രണ്ടാംസമ്മാനം ലഭിച്ചത് കുലവൻ ലോട്ടറി സ്റ്റാളിൽനിന്ന് വിറ്റ ടിക്കറ്റിനാണ്. എന്നും ഫോണിലൂടെ വിളിച്ച് ലോട്ടറി ആവശ്യപ്പെടാറുള്ള തടത്തിലെ ബിജുവിനുവേണ്ടി മാറ്റിവെച്ച ടിക്കറ്റിനാണ് രണ്ടാംസമ്മാനമായ 30 ലക്ഷം രൂപ അടിച്ചത്. ബിജു മകൾ അൻവിതയുടെ ചികിത്സാ ആവശ്യവുമായി തിരുവനന്തപുരത്തായിരുന്നു.

മകളുടെ തുടർചികിത്സയ്ക്ക് ലഭിച്ച അനുഗ്രഹമായാണ് ഈ ഭാഗ്യത്തെ ബിജുവിന്റെ കുടുംബം കരുതുന്നത്. തിരുവനന്തപുരം ആർ.സി.സി.യിലാണ് ചികിത്സ നടക്കുന്നത്. നാട്ടുകാർ ചേർന്ന് ചികിത്സാസഹായനിധി രൂപവത്കരിച്ച് സഹായധനം സ്വരൂപിച്ച് നൽകിയിരുന്നു. തുടർചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായിരിക്കെയാണ് ഭാഗ്യം കടാക്ഷിച്ചത്.

പതിവുപോലെ ചൊവ്വാഴ്ച രാത്രിയും ബിജു സജിത്തിനെ വിളിച്ച് മൂന്ന് ലോട്ടറി ടിക്കറ്റുകൾ തനിക്കായി മാറ്റിവെക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സജിത്ത് ടിക്കറ്റുകൾ മാറ്റിവെച്ചു. നമ്പർ ബിജുവിന് വാട്സാപ്പിൽ അയച്ചുകൊടുത്തു. എന്നാൽ ആസ്പത്രിയിലെ തിരക്കിനിടെ ബിജു ഇക്കാര്യം ശ്രദ്ധിച്ചില്ല. ടിക്കറ്റിന്റെ പണവും നൽകിയിരുന്നില്ല.

ബുധനാഴ്ച ലോട്ടറിഫലം വന്നപ്പോഴാണ് ബിജുവിനായി മാറ്റിവെച്ച ടിക്കറ്റിനാണ് 30 ലക്ഷം രൂപ സമ്മാനമടിച്ചതെന്ന് സജിത്തിന് വ്യക്തമായത്. മറ്റൊന്നും ചിന്തിക്കാതെ ഉടൻ ബിജുവിനെ വിളിച്ച് വിവരമറിയിച്ചു.

സജിത്ത് വിളിച്ചുപറഞ്ഞപ്പോഴാണ് ഫലംപോലും നോക്കുന്നതെന്ന് ബിജു പറഞ്ഞു. ‘ആസ്പത്രിയിലെ തിരക്കിനിടയിൽ ടിക്കറ്റിന്റെ കാര്യംതന്നെ മറന്നിരുന്നു. സജിത്തിനാണ് നന്ദിപറയേണ്ടത്’ -അദ്ദേഹം പറഞ്ഞു. പെരിയയിൽ പിക്കപ്പ് ഡ്രൈവറാണ് ബിജു. അദ്ദേഹം തിരുവനന്തപുരത്തായതിനാൽ സമ്മാനാർഹമായ ടിക്കറ്റ് സജിത്ത് സഹോദരന് കൈമാറി.

ജീവിതത്തിൽ നേരിട്ട കടുത്ത പ്രതിസന്ധികൾ മറികടന്നാണ് സജിത്ത് ലോട്ടറി കച്ചവടം തുടങ്ങിയത്. മുൻപ് തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു. ജോലിക്കിടെ ഒരിക്കൽ മാരകമായി കടന്നൽക്കുത്തേറ്റു. ഏറെനാളത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. രക്തം കട്ടപിടിക്കാൻ സാധ്യതയുള്ളതിനാൽ ശാരീരികാധ്വാനമുള്ള ജോലി ചെയ്യരുതെന്ന് ഡോക്ടർമാർ നിർദേശിച്ചു. തുടർന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പെരിയ ബസാറിൽ ലോട്ടറി സ്റ്റാൾ തുടങ്ങിയത്. ഇവിടെനിന്ന് വിറ്റ ടിക്കറ്റുകൾക്ക് സമ്മാനമടിച്ചിട്ടുണ്ടെങ്കിലും ഇത്രവലിയ സമ്മാനം ലഭിക്കുന്നത് ആദ്യമാണ്.

സജിത്തിനെ ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു പദ്‌മനാഭന്റെ നേതൃത്വത്തിൽ നാട്ടുകാരും പൊതുപ്രവർത്തകരും പെരിയ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും ലോട്ടറി സ്റ്റാളിലെത്തി അനുമോദിച്ചു. പെരിയ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.രാമകൃഷ്ണൻ, പ്രമോദ് പെരിയ, സി.ശശിധരൻ, ഗോപി ചാണവളപ്പിൽ, അനൂപ് കല്യോട്ട്, ജതീഷ് കായക്കുളം, സുമ കായക്കുളം എന്നിവർ പങ്കെടുത്തു.

Content Highlights: Sajith, a lottery seller in Periya, returned a 30 lakh prize-winning ticket to a customer., The winner, Biju, was in Thiruvananthapuram for his daughter's cancer treatment at RCC., The act of honesty was celebrated by the local community and public representatives., Sajith transitioned to the lottery business after surviving a severe medical incident as a tree climber.