'പത്രത്തിൽ കണ്ടാരുന്നു, അന്ന് കയ്യിൽ പൈസയില്ലാരുന്നു'; 200 രൂപ കിട്ടിയപ്പോൾ 'കരുതലിന്' നൽകി രഘുനാഥൻ

ഇടുക്കി: 'പത്രത്തില് കണ്ടാരുന്നു.. അന്ന് എന്റെ കയ്യില് പൈസ ഇല്ലായിരുന്നു.. ഇന്ന് ഒരു 200 രൂപാ കിട്ടി. അതിന് കുഞ്ഞുങ്ങള്ക്കായ് വാങ്ങിയതാ..' ലോട്ടറി വില്ക്കുന്ന കെ.എം. രഘുനാഥന്റെ വാക്കുകളാണ്. പെരുവന്താനം പോലീസ് സ്റ്റേഷന്റെ മുന്നില്വെച്ച കരുതല് പെട്ടിയില് പഠനോപകരണങ്ങള് നിക്ഷേപിക്കാനെത്തിയ മുഖങ്ങളില് ഒന്ന് മാത്രമാണ് രഘുനാഥന്റേത്. ഇതുപോലെ നിരവധി പേരാണ്, നിര്ധന വിദ്യാര്ഥികള്ക്ക് പഠനോപകരണങ്ങള് നല്കാന് പെരുവന്താനം പൊലീസ് സ്റ്റേഷനില് ആരംഭിച്ച 'കരുതല്' പദ്ധതിയുടെ ഭാഗമാകാന് എത്തിയത്.
ഇടുക്കി പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് രഘുനാഥന്റെയും അതുപോലെ ഈ നന്മയുടെ ഭാഗമായവരുടേയും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒത്തിരി സന്തോഷം തോന്നിയ നിമിഷം എന്ന് തുടങ്ങുന്ന ഹൃദ്യമായ കുറിപ്പോടെയാണ് ഇടുക്കി പോലീസ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
'ഒത്തിരി സന്തോഷം തോന്നിയ നിമിഷം... നിര്ധന വിദ്യാര്ഥികള്ക്ക് പഠനോപകരണങ്ങള് നല്കാന് പെരുവന്താനം പൊലീസ് സ്റ്റേഷനില് ആരംഭിച്ച പദ്ധതിയാണ് കരുതല്. ബുക്ക്, പേന, തുടങ്ങിയ പഠനോപകരണങ്ങള് 'കരുതല്' പെട്ടിയില് നിക്ഷേപിക്കാവുന്നതാണ്.
ഇങ്ങനെ ലഭിക്കുന്ന പഠനോപകരണങ്ങള് സ്റ്റേഷന് പരിധിയിലെ സെന്റ് ലൂയിസ് യുപി സ്കൂള് 34-ാം മൈല് പെരുവന്താനം, സെന്റ് തോമസ് എല്പി സ്കൂള് അമലഗിരി, ടിആര് ആന്ഡ് ടി സ്കൂള് മാട്ടുപ്പെട്ടി, ഗവണ്മെന്റ് യുപി സ്കൂള് പാലൂര്കാവ്, എസ്എന്ഡിപി എല്പി സ്കൂള് കൊടികുത്തി, സെന്റ് മരിയ ഗോറേറ്റി യുപി സ്കൂള് മേലോരം എന്നിവിടങ്ങളിലെ കുട്ടികള്ക്ക് നല്കാനാണ് പദ്ധതി. അര്ഹരായ വിദ്യാര്ത്ഥികളെ അധ്യാപകര് തന്നെ കണ്ടെത്തും.
ടിആര് ആന് ടി എസ്റ്റേറ്റിലെ മാട്ടുപ്പെട്ടി എല്പി സ്കൂളിലെ പ്രവേശനോത്സവത്തിന് അലങ്കാരം ഒരുക്കിയതും നവാഗതരെ സ്വീകരിക്കലും, ബുക്കും പെന്സിലും പേനയും കുടകളും ഉള്പ്പെടെയുള്ള പഠനോപകരണങ്ങള് കുട്ടികള്ക്ക് നല്കിയതും, ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് വിശാല് ജോണ്സണ്ന്റെ നേതൃത്വത്തില് പെരുവന്താനം പോലീസ് ഇന്സ്പെക്ടര് ത്രിദീപ് ചന്ദ്രന്, സബ് ഇന്സ്പെക്ടര്മാരായ ബിജു ജോസഫ്, അജ്മല്, സെയ്ദ്, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ പ്രവീണ്, അശോകന്, ജോബിന്, ജിനിഷ്, ബിജു എന്നിവരും തുടങ്ങി പോലീസ് ഉദ്യോഗസ്ഥര് തന്നെയായിരുന്നു.
കുട്ടികള്ക്ക് ഭക്ഷണം കഴിക്കാന് രണ്ട് മേശയും കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉച്ചഭക്ഷണവും നല്കിയാണ് പോലീസ് ആഘോഷങ്ങളില് പങ്കുചേര്ന്നത്.'
Content Highlights: old man contributes to idukki polices karuthal program to help school kids good news