കൂടിയാട്ടത്തിൽ പുതുചരിത്രമായി 'മൃച്ഛകടികം'; 2000 വർഷങ്ങൾക്കുമുൻപ് മഹാകവി ശൂദ്രകൻ രചിച്ച ക്ലാസിക്

മൃച്ഛകടികം കൂടിയാട്ടത്തില്‍ വസന്തസേനയായി കപിലാ വേണുവും രോഹസേനനായി അരന്‍ കപിലയും രദാനികയായി മാര്‍ഗി അഞ്ജന എസ്. ചാക്യാരും അരങ്ങില്‍
മൃച്ഛകടികം കൂടിയാട്ടത്തില്‍ വസന്തസേനയായി കപിലാ വേണുവും രോഹസേനനായി അരന്‍ കപിലയും രദാനികയായി മാര്‍ഗി അഞ്ജന എസ്. ചാക്യാരും അരങ്ങില്‍

ഇരിങ്ങാലക്കുട (തൃശ്ശൂര്‍): അരങ്ങില്‍ പുതിയൊരു ചരിത്രംകുറിച്ച്, നിറഞ്ഞ സദസ്സില്‍ 'മൃച്ഛകടികം' കൂടിയാട്ടം അരങ്ങേറി. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാകവി ശൂദ്രകന്‍ രചിച്ച ഈ ക്ലാസിക്ക് നാടകം കൂടിയാട്ടകലാകാരന്‍ വേണുജിയാണ് ചിട്ടപ്പെടുത്തി സംവിധാനം ചെയ്തത്. ബെംഗളൂരുവിലെ രംഗശങ്കയുടെ വേദിയില്‍ ഒന്ന്, രണ്ട് തീയതികളിലായിരുന്നു അവതരണം.

വേണുജി സംവിധാനംചെയ്ത അഭിജ്ഞാനശാകുന്തളം കൂടിയാട്ടം നിരീക്ഷിച്ചശേഷം ഈ അഭിനയസങ്കേതങ്ങളില്‍ 'മൃച്ഛകടികം' ചെയ്തുകാണാന്‍ ആഗ്രഹിക്കുന്നുവെന്ന് വിഖ്യാത നാടകസംവിധായകന്‍ ഹബീബ് തന്‍വീര്‍ ആവശ്യപ്പെട്ടതാണ് വേണുജിക്ക് പ്രചോദനമായത്. ഉജ്ജയിനിനഗരത്തിലെ സാധാരണജനങ്ങളുടെ ജീവിതാനുഭവമാണ് നാടകത്തിന്റെ ഇതിവൃത്തം.

വസന്തസേനയായി കപിലാ വേണു, ചാരുദത്തനായി സൂരജ് നമ്പ്യാര്‍, മാഥുരനായി മാര്‍ഗി സജീവ് നാരായണച്ചാക്യാര്‍, കര്‍ണപൂരകനായി പൊതിയില്‍ രഞ്ജിത്ത് ചാക്യാര്‍, ശര്‍വിലകനായി നേപഥ്യ ശ്രീഹരി ചാക്യാര്‍, സംവാഹകനായി ശങ്കര്‍ വെങ്കിടേശ്വരന്‍, മദനികയായി സരിതാ കൃഷ്ണകുമാര്‍, രദനികയായി മാര്‍ഗി അഞ്ജന എസ്. ചാക്യാര്‍, വിദൂഷകനായി കലാമണ്ഡലം ജിഷ്ണു പ്രതാപ്, രോഹസേനനായി അരന്‍ കപില എന്നിവര്‍ അരങ്ങിലെത്തി.

80-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേണുജിക്ക് നല്‍കിയ സ്വീകരണത്തില്‍ നാടകനടിയും മുന്‍ എംപിയുമായ ബി. ജയശ്രീയും രംഗശങ്കര സ്ഥാപകയും നടിയുമായ അരുന്ധതി നാഗും പങ്കെടുത്തു.


 

Content Highlights: mrichchakadikam drama in koodiyattam form by kapila venu good news