മരണക്കുഴിയിൽ 5 മണിക്കൂർ; കൊളുക്കുമലയിൽ കൊക്കയിൽവീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

#ന്യൂസ് ഡെസ്ക്
കാർത്തിക്കിനെ രക്ഷിച്ച് മുകളിലേക്ക് കൊണ്ടുവരുന്നു
കാർത്തിക്കിനെ രക്ഷിച്ച് മുകളിലേക്ക് കൊണ്ടുവരുന്നു

തൊടുപുഴ: കോടമഞ്ഞും മേഘങ്ങളും നിറഞ്ഞ കൊളുക്കുമല. തൊട്ടുമുന്നിൽ അഗാധമായ കൊക്കയും ചെങ്കുത്തായ പാറക്കെട്ടുകളും. നോക്കിയാൽ തലചുറ്റുന്ന ആഴം. ആ മരണക്കുഴിയിലേക്കാണ് തമിഴ്നാട് ചെന്നൈ സ്വദേശി 31-കാരൻ കാർത്തിക്ക് വീണത്. അഞ്ഞൂറടി താഴ്ചയുണ്ടായിരുന്നു. പിന്നെ പിന്നിട്ടത് മരണഭയത്തിന്റെ നിമിഷങ്ങൾ.

എന്നാൽ, മനുഷ്യസാന്നിധ്യം ഒരിക്കൽപ്പോലുമെത്താത്ത ആ താഴ്ചയിലേക്ക് രക്ഷാദൂതൻമാരെത്തി. അഞ്ച് മണിക്കൂർ തുടർന്ന ദൗത്യത്തിനൊടുവിൽ ആ ജീവൻ വീണ്ടെടുത്തു. നേതൃത്വം നൽകിയത് മൂന്നാറിലെ അഗ്നിരക്ഷാസേന.

ബുധനാഴ്ച രാവിലെ എട്ടോടെ കൊളുക്കുമലയിലെ സിംഹപ്പാറ ഭാഗത്തായിരുന്നു അപകടം. കൊളുക്കുമല സന്ദർശിക്കാൻ സുഹൃത്തുക്കൾക്കൊപ്പമെത്തിയ കാർത്തിക് തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നു.

അഗ്നിരക്ഷാസേന പാഞ്ഞെത്തി. ഉദ്യോഗസ്ഥർ കൊളുക്കുമലയുടെ താഴ്ചയിലേക്ക് ഇറങ്ങി. അഞ്ഞൂറടി താഴ്ചയിൽ പുല്ലുകൾക്കിടയിൽ താഴേക്കുപോകാതെ തങ്ങിക്കിടക്കുകയായിരുന്നു കാർത്തിക്.

വടത്തിൽ തൂങ്ങി മരണക്കുഴിയിലേക്ക്

ദുർഘടമായ ഭൂപ്രകൃതിയും കുഴിയിലേക്ക് ഇടിഞ്ഞുവീണേക്കാവുന്ന മണ്ണും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. അതൊന്നും വകവെക്കാതെ വടങ്ങളിൽ തൂങ്ങി ഏഴ് അഗ്നിരക്ഷാസേനാംഗങ്ങൾ കൊക്കയിലേക്കിറങ്ങി. രക്ഷാപ്രവർത്തനത്തിന് സഹായികളായി നാട്ടുകാരും ജീപ്പ് ഡ്രൈവർമാരും. അവർ നെഞ്ചിടിപ്പോടെ നിന്നു. പുൽമേട്ടിൽ ഒന്നനങ്ങാൻപോലുമാകാതെ തങ്ങിക്കിടക്കുന്ന കാർത്തിക്കിനെ അഗ്നിരക്ഷാസേനാംഗങ്ങൾ കണ്ടെത്തി. പേടിക്കേണ്ടെന്ന് പറഞ്ഞ് ആത്മവിശ്വാസം നൽകി. അതീവശ്രദ്ധയോടെ സ്ട്രെച്ചറിലാക്കി. പാറകളിൽ തട്ടാതെ, മുകളിലുള്ളവർ ആ കയർ വലിച്ചുകയറ്റി. അഞ്ച് ദശാബ്ദങ്ങൾപോലെ അഞ്ചുമണിക്കൂർ. ഒടുവിൽ എല്ലാവരും സുരക്ഷിതരായി മുകളിലെത്തി. നാട്ടുകാർ കൈയ്യടിച്ചു.

അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ നോബിൾ ജോർജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തമ്പിദുരൈ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കാർത്തിക്കിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിന് സാരമായി പരിക്കേറ്റു.

Content Highlights: A 31-year-old man was heroically rescued by the Fire and Rescue team after falling 500ft into a Kolukkumalai gorge.