കൈവിടല്ലേ പൊന്നേ...; അമ്മയുടെ പിടിവിട്ട് തടാകത്തിൽവീണ കുട്ടിക്ക് സഫീറിന്റെ ആത്മധൈര്യത്തിൽ പുതുജീവൻ

പൂക്കോട് (വയനാട്): അമ്മയോടൊപ്പംനിന്ന് തടാകത്തിലെ കാഴ്ചകള്‍ ആസ്വദിക്കുന്നതിനിടയില്‍, അമ്മയുടെ കൈതട്ടിമാറ്റി വെള്ളത്തിലേക്ക് ഊര്‍ന്നിറങ്ങിയ കുട്ടിക്ക് പുതുജീവന്‍നല്‍കിയത് സഫീറിന്റെ ആത്മധൈര്യം. തിങ്കളാഴ്ച കുടുംബത്തോടൊപ്പം പൂക്കോട് തടാകത്തിലെത്തിയ കോഴിക്കോട് സ്വദേശികളുടെ മൂന്നരവയസ്സുള്ള കുട്ടിക്കാണ് സഫീര്‍ രക്ഷകനായത്.
തടാകത്തിനരികെ അമ്മയോടൊപ്പമുണ്ടായിരുന്ന കുട്ടി ബോട്ടിലുണ്ടായിരുന്നവരെ കൈവീശി കാണിക്കുകയായിരുന്നു. ബോട്ട് നീങ്ങിയപ്പോള്‍ പെട്ടെന്ന് അമ്മയുടെ പിടിവിട്ട് കുട്ടി വെള്ളത്തിലേക്ക് എടുത്തുചാടി.
കണ്ടുനിന്നവര്‍ എന്തുചെയ്യുമെന്ന് ആലോചിക്കുന്നതിനുമുന്‍പേ പൂക്കോട് ടൂറിസംകേന്ദ്രത്തിലെ ജീവനക്കാരനായ സഫീര്‍ വെള്ളത്തിലേക്കുചാടി കുട്ടിയെ തന്റെ കൈക്കുള്ളിലാക്കി. നിമിഷങ്ങള്‍ക്കുള്ളിലാണ് കുട്ടിയെ കരയിലെത്തിച്ചത്. ഇതോടെ മാതാപിതാക്കള്‍ക്കും കണ്ടുനിന്നവര്‍ക്കും ആശ്വാസം.
''ഒരു കുഴപ്പവുമില്ലാതെ എത്രയുംപെട്ടെന്ന് കുട്ടിയെ രക്ഷിക്കണമെന്നുമാത്രമേ അപ്പോള്‍ ചിന്തിച്ചുള്ളൂ. തടാകത്തിന്റെ അടുത്തായതുകൊണ്ട് കുട്ടി ചാടുന്നത് കണ്ടപ്പോള്‍ത്തന്നെ ചാടി രക്ഷിക്കാന്‍കഴിഞ്ഞു. കുട്ടിക്ക് ഒരുവിധ പരിക്കുകളുമില്ലായിരുന്നു. കുട്ടിയെ സുരക്ഷിതമായി കിട്ടിയതില്‍ മാതാപിതാക്കള്‍ നന്ദിപറഞ്ഞാണ് മടങ്ങിപ്പോയത്. അപ്പോള്‍ത്തന്നെ മാനേജര്‍ ഫോണില്‍വിളിച്ച് അഭിന്ദിച്ചു'' - സഫീര്‍ പറഞ്ഞു.
വൈത്തിരി തളിപ്പുഴ സ്വദേശിയായ സഫീര്‍ കഴിഞ്ഞ എട്ടുവര്‍ഷമായി പൂക്കോട് തടാകത്തില്‍ താത്കാലികജീവനക്കാരനാണ്. കുട്ടിയെ പരിക്കുകളില്ലാതെ രക്ഷിക്കാന്‍കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സഫീര്‍. കുട്ടി തടാകത്തിലേക്കുചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോഴാണ് ഇത് പുറംലോകമറിഞ്ഞത്.