തോട്ടില്‍വീണ ഒന്നാം ക്ലാസ്സുകാരനെ10 വയസ്സുകാരന്‍ വെള്ളത്തില്‍ ചാടി എടുത്തുയര്‍ത്തി, ജീവിതത്തിലേക്ക്

കാവാലം (ആലപ്പുഴ) : അനുഗ്രഹ് എന്ന 10 വയസ്സുകാരന്റെ അവസരോചിതമായ ഇടപെടലിൽ ജീവൻ തിരികെ കിട്ടിയ സന്തോഷത്തിലാണ് ഒന്നാംക്ലാസ്സുകാരൻ അഭിദേവ്. ട്യൂഷനു പോകുന്നതിനിടെ തോട്ടിൽ വീണ് മുങ്ങിപ്പോയ അഭിദേവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് അനുഗ്രഹിന്റെ കൈക്കരുത്താണ്.
കാവാലം പഞ്ചായത്ത് ഏഴാം വാർഡ് പത്തിൽവടക്കേച്ചിറ പ്രജിത്ത്-രാഖി ദമ്പതിമാരുടെ ഇളയമകൻ കാവാലം ഗവ. എൽപിഎസ് വിദ്യാർഥി അഭിദേവാണ് അപകടത്തിൽപ്പെട്ടത്. ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി കാവാലം പഞ്ചായത്ത് ഏഴാം വാർഡ് ബാബു നിലയത്തിൽ അനിൽകുമാർ-അനുമോൾ ദമ്പതിമാരുടെ മകൻ അനുഗ്രഹാണ് തോട്ടിലേക്ക് ചാടി കുട്ടിയെ രക്ഷിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.
സ്‌കൂൾ വിട്ട് വീട്ടിലെത്തിയശേഷം അനുഗ്രഹും അഭിദേവും കൂട്ടുകാരുമൊത്ത് പെരുമാൾ ജെട്ടിക്കടുത്തുള്ള വീട്ടിലേക്ക് ട്യൂഷൻ പഠനത്തിനായി നടന്നുപോകുകയായിരുന്നു. കൂട്ടുകാരോട് വർത്തമാനം പറഞ്ഞുപോകവേ അഭിദേവ് കാൽതെറ്റി സമീപത്തെ തോട്ടിലേക്കു വീണു. നീന്തൽ അറിയില്ലാത്ത അഭിദേവ് ആഴമേറിയ തോട്ടിൽ മുങ്ങിപ്പോകുന്ന സ്ഥിതിയായി.
കൂടെ ഉണ്ടായിരുന്ന മറ്റു വിദ്യാർഥികൾ പകച്ചു നിന്നപ്പോൾ അനുഗ്രഹ് തോട്ടിലേക്ക് ചാടി സുഹൃത്തിനെ എടുത്തുയർത്തി സമീപത്തെ കൽക്കെട്ടിനരികെ എത്തിച്ചു. സംഭവം കണ്ട് മറുകരയിൽ നിന്ന പ്രദേശവാസിയായ ഏതാനും പേർ നീന്തിയെത്തി അഭിദേവിനെ കരയ്ക്കു കയറ്റി.
അനുഗ്രഹിനെ നാട്ടുകാരും ഗവ. യുപി സ്‌കൂളിലെ അധ്യാപകരും പിടിഎയും പ്രശംസിച്ചു.
Content Highlights: A 10-year-old boy, Anugruh, heroically saved his friend Abidev from drowning in a canal in Alappuzha