കനിഷ്ക വിമാനദുരന്തത്തിന് ഇന്ന് 41 വയസ്സ്; എരിഞ്ഞുതീരാത്ത കാരുണ്യമായി ഫിൻബർ ആർച്ചർ

കൊച്ചി: മരിച്ചുപോയ പ്രിയപ്പെട്ടവരെ നാം എത്രനാൾ ഓർത്തിരിക്കും.? ജീവിച്ചിരുന്നപ്പോൾ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത മലയാളിയായ ഒരമ്മയുടെയും മകളുടെയും ഓർമ്മകളുടെ തിരിനാളങ്ങൾ 41 വർഷമായി കെടാതെ സൂക്ഷിക്കുകയാണ് ഫിൻബർ ആർച്ചർ എന്ന അയർലൻഡുകാരൻ. 1985 ജൂൺ 23-ലെ കനിഷ്ക വിമാനദുരന്തത്തിൽ മരിച്ച അന്നമ്മ അലക്സാണ്ടറിന്റെയും (53) മകൾ റീനയുടെയും മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിച്ചത് ഫിൻബർ ആർച്ചറാണ്. വിമാനത്തിലുണ്ടായിരുന്ന അന്നമ്മയുടെ ഭർത്താവ് അലക്സാണ്ടറിന്റെയും (54) മകൻ സൈമണിന്റെയും (9) മൃതദേഹങ്ങൾ കണ്ടെത്താനായില്ല.
ഫിൻബർ അന്ന് അയർലൻഡിലെ കോർക്ക് സിറ്റിയിൽ സംസ്കാര ശുശ്രൂഷകൾക്കു സഹായം നൽകുന്ന അണ്ടർടേക്കറുടെ ജോലി ചെയ്യുകയായിരുന്നു. മൃതദേഹങ്ങൾ കുന്നുകൂടിയ റീജണൽ ആശുപത്രിയിൽ ഈ മലയാളി കുടുംബത്തെ തേടി ആരുമെത്തിയില്ല. അവരെ അനാഥരായി തള്ളിക്കളയാൻ ഫിൻബർ ആർച്ചർക്കായില്ല. അങ്ങനെ അന്നമ്മയുടെയും റീനയുടെയും മൃതദേഹങ്ങൾ ഏറ്റെടുത്ത് അയർലൻഡിലെ ബ്ലാക്ക്‌റോക്കിലെ സെയ്ന്റ് മൈക്കിൾസ് സെമിത്തേരിയിൽ സംസ്‌കരിച്ചു.
41 വർഷമായി അദ്ദേഹം ആ കല്ലറ പരിപാലിക്കുന്നു. വാരാന്ത്യങ്ങളിലും ഒഴിവുദിനങ്ങളിലും പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു, മെഴുകുതിരി കത്തിച്ച് പ്രാർഥിക്കുന്നു. കോർക്കിലെ ഇന്ത്യൻ സമൂഹം ഈ നിസ്വാർഥ സേവനത്തിന് കഴിഞ്ഞവർഷം ഫിൻബർ ആർച്ചറെ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ വഴി ഫിൻബർ ആർച്ചറെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് ഇത്രമാത്രം. “അന്നയും റീനയും എനിക്കിപ്പോൾ കുടുംബാംഗങ്ങളെപ്പോലെയാണ്. സാധിക്കുമ്പോഴെല്ലാം ഞാൻ ആ കല്ലറയ്ക്കരികിലെത്തും. അവരുമായി സംസാരിക്കും. 'ഹലോ', ഇന്ന് നിങ്ങൾക്ക് എങ്ങനെയുണ്ട്? സുഖമാണോ.... എന്നെല്ലാം ചോദിക്കും. ഈ ഭൂമിയിൽ വെച്ച് പരിചയപ്പെടാനായില്ലെങ്കിലും സ്വർഗത്തിൽ ഞങ്ങൾ കണ്ടുമുട്ടുമെന്നാണ് പ്രതീക്ഷ.’’ കനിഷ്ക വിമാനദുരന്തത്തിന്റെ 41-ാം വാർഷികമായ ചൊവ്വാഴ്ച കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ ‘ഹ്യുമാനിറ്റി ബിയോണ്ട് ബൗണ്ടറീസ്’ എന്ന പേരിൽ അനുസ്മരണ ചടങ്ങുകൾ നടത്തും. കോർക്ക് കൗണ്ടി മേയറും ഇന്ത്യൻ അംബാസഡറുമടക്കം പങ്കെടുക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് ടോജി ചെറിയാൻ വർഗീസും സെക്രട്ടറി ബിനു തോമസും പറഞ്ഞു. ഫിൻബർ ആർച്ചർ അടക്കമുള്ളവർ ഓർമ്മകൾ പങ്കുവെക്കും.
വിമാന ദുരന്തത്തിൽ പൊലിഞ്ഞ അലക്സാണ്ടറിന്റെയും അന്നമ്മയുടെയും കേരളത്തിലെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും അസോസിയേഷൻ നടത്തുന്നുണ്ട്. ഇവരെക്കുറിച്ച് അറിവുള്ളവർ corkpravasi2010@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
Content Highlights: Commemorating 41 years of the Kanishka Air Disaster. Finbarr Archer, an Irishman who cares for a Malayali family's grave.