തടസ്സങ്ങളെല്ലാം നീങ്ങിയതോടെ ശ്രീനിവാസൻ ദുബായിലെത്തി; ആദ്യവിളി 'മാതൃഭൂമി'യിലേക്ക്

കാഞ്ഞങ്ങാട്: ഒന്നൊന്നായി വന്ന തടസ്സങ്ങളെല്ലാം നീങ്ങിയതോടെ ശ്രീനിവാസൻ ദുബായിയിലെത്തി. ഞായറാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഒമാൻ വഴിയായിരുന്നു ദുബായ് യാത്ര. അവിടെ എത്തിയ ഉടൻ 'മാതൃഭൂമി'യിലേക്ക് വിളിച്ച് നന്ദിയറിച്ചു. പോലീസിന്റെ തെറ്റായ റിപ്പോർട്ട് കാരണം വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ച ശ്രീനിവാസന്റെ കഥ പുറംലോകമറിഞ്ഞത് ‘മാതൃഭൂമി’യിലൂടെയായിരുന്നു. ഞായറാഴ്ചവരെയായിരുന്നു വിസയുടെ കാലാവധി.
കാഞ്ഞങ്ങാട് അരയിയിലെ ശ്രീനിവാസന് ഗൾഫ് യാത്ര മുടങ്ങിയത് മൂന്നുതവണയാണ്. ഒരുദിവസംകൂടി കഴിഞ്ഞിരുന്നെങ്കിൽ വിസാ കാലാവധി തീർന്നേനേ. നാലഞ്ചുവർഷം ഗൾഫിൽ കഷ്ടപ്പെട്ടാണ് കുടുംബത്തെ നോക്കിയിരുന്നത്. കോവിഡ്കാലത്ത് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഇവിടെ പെയിന്റിങ് പണിക്കും കൂലിപ്പണിക്കുമൊക്കെ പോയി ജീവിതം പുലർത്തുകയായിരുന്നു അതിനുശേഷം. കുറേ കടമുണ്ടെന്നും, ഒരിക്കൽ കൂടി ഗൾഫിൽ പോയി കഷ്ടപ്പെട്ടാലേ അതൊക്കെ വീട്ടാൻ കഴിയൂ എന്നും പറഞ്ഞാണ് വിസയൊപ്പിച്ചത്. അവിടെ കോൺക്രീറ്റ് നിർമാണമേഖലയിലുള്ള ജോലിക്കായിരുന്നു വിസ.
അതിനിടെ പ്രദേശത്തെ മറ്റൊരു ശ്രീനിവാസന്റെ കേസ് ഈ ശ്രീനിവാസന്റെ പാസ്‌പോർട്ടിന്റെ വെരിഫിക്കേഷൻ റിപ്പോർട്ടിലായിപ്പോയി. അന്വേഷിക്കാൻ ചെന്ന പോലീസുകാരന് സംഭവിച്ച കൈയബദ്ധം കാരണം ആദ്യ യാത്ര മുടങ്ങി. മുംബൈ വിമാനത്താവളത്തിൽനിന്ന് പാസ്‌പോർട്ട് പിടിച്ചുവെച്ച് ശ്രീനിവാസനെ തിരിച്ചയച്ചു. ആൾ മാറിപ്പോയെന്ന് ഹൊസ്ദുർഗ് പോലീസിന് മനസ്സിലായതോടെ അവർ വെരിഫിക്കേഷൻ റിപ്പോർട്ട് പുതുക്കി അയച്ചു.
പാസ്‌പോർട്ട് കാര്യാലായത്തിൽനിന്ന് എല്ലാം ശരിയായെന്ന ഉറപ്പിൽ മടങ്ങിയെത്തിയ ശ്രീനിവാസൻ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തു. കണ്ണൂർ വിമാനത്താവളത്തിലെത്തിയപ്പോൾ, അതേ പ്രശ്‌നം പറഞ്ഞ് ഇയാളെ വീണ്ടും തിരിച്ചയച്ചു. പാസ്പോർട്ട് കാര്യാലയത്തിലെ കംപ്യൂട്ടറിൽ വെരിഫിക്കേഷൻ റിപ്പോർട്ട് അപ്‌ഡേറ്റ് ചെയ്യാതിരുന്നതാണ് രണ്ടാമത്തെ യാത്രയ്ക്ക് പ്രശ്‌നമായത്. രണ്ടാമതും യാത്ര തടസ്സപ്പെട്ടപ്പോൾ 'ആ ശ്രീനിവാസനല്ല ഈ ശ്രീനിവാസൻ' എന്ന തലക്കെട്ടിൽ ഫെബ്രുവരി 24-ന് 'മാതൃഭൂമി'യുടെ ഒന്നാം പേജിൽ വാർത്ത പ്രസിദ്ധീകരിച്ചു. ഇതുകണ്ട് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. വീണ്ടും പാസ്‌പോർട്ട് കാര്യാലയത്തിലെത്തി എല്ലാ പ്രശ്‌നങ്ങളും തീർത്ത് മൂന്നാമതും ടിക്കറ്റെടുത്തപ്പോൾ പശ്ചിമേഷ്യയിൽ യുദ്ധം.
വിമാനസർവീസുകൾ പുനരാരംഭിച്ചതോടെ അന്നെടുത്ത ടിക്കറ്റ് ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കടംവാങ്ങിയായിരുന്നു ഓരോ തവണയും വിമാനടിക്കറ്റെടുത്തത്. ആദ്യ രണ്ട് ടിക്കറ്റിനും മറ്റുമായി അരലക്ഷം രൂപയോളം നഷ്ടമായി. മൂന്നാമതെടുത്ത ടിക്കറ്റ് മാറ്റികിട്ടിയതിനാൽ ആ പൈസ പോയില്ല.
Content Highlights: Srinivasan faced three failed attempts to reach Dubai due to clerical and police verification errors., Media intervention by Mathrubhumi helped highlight the case, leading to Human Rights Commission involvement., The traveler suffered financial loss of nearly 50,000 rupees due to repeated ticket cancellations., Persistence and updated documentation finally enabled his successful travel.