'ഇത് ഞങ്ങളുടെ യസീനാണ് ';റീൽസിലൂടെ തിരിച്ചറിഞ്ഞ ഝാർഖണ്ഡ് സ്വദേശിയെ കുടുംബത്തിന് കൈമാറാൻ നടപടിയായി

കാളികാവ്: പത്തുവർഷം മുൻപ് കാണാതായ ഝാർഖണ്ഡ് സ്വദേശി യസീൻ ഷെയ്ഖിനെ പത്തുസെക്കൻഡ് റീൽസിലൂടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. പൂനൂർ കാരുണ്യതീരം പ്രതീക്ഷാഭവനിൽ റഷീദ് എന്നപേരിൽ കഴിഞ്ഞിരുന്ന യസീനെ കുടുംബത്തിനു കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച നടക്കുന്ന യാത്രയയപ്പ് ചടങ്ങിനുശേഷം യസീൻ ഝാർഖണ്ഡിലെ വീട്ടിലേക്കു മടങ്ങും. കാളികാവ് പെവുന്തറ സ്വദേശി എം.കെ. മുഹമ്മദ് യാസിർ പകർത്തിയ റീൽസ് കണ്ടാണ് ഝാർഖണ്ഡിലെ ബന്ധുക്കൾ യുവാവിനെ തിരിച്ചറിഞ്ഞത്. തുടർന്ന് യസീന്റെ സഹോദരൻ യാസിറുമായി ബന്ധപ്പെടുകയും വിവരം പ്രതീക്ഷാഭവൻ അധികൃതരെ അറിയിക്കുകയുമായിരുന്നു. കുടുംബം യസീൻ ഷെയ്ഖിന്റെ ആധാർ കാർഡും മറ്റു തിരിച്ചറിയൽ രേഖകളും കൈമാറി. രേഖകളിലെ വിവരങ്ങളും സ്ഥാപനത്തിലെ രേഖകളും പരിശോധിച്ചതിനുശേഷം പ്രതീക്ഷാഭവനിലെ റഷീദ് തന്നെയാണ് 10 വർഷമായി കുടുംബം അന്വേഷിച്ചിരുന്ന യസീൻ ഷെയ്‌ഖെന്ന് സ്ഥിരീകരിച്ചു.
വീഡിയോകോളിലൂടെ ബന്ധുക്കൾ യസീനെ തിരിച്ചറിയുകയുംചെയ്തു. യസീനെ കണ്ടെത്തിയെങ്കിലും മകനെ കാത്തിരുന്ന മാതാവ് നൂർഫുൾ ദീദിക്ക് ആ സന്തോഷം കാണാൻ കഴിഞ്ഞില്ല. 2023-ലാണ് അവർ മരിച്ചത്. പിതാവ് സൊഹ്റബ് ഷെയ്ഖും സഹോദരങ്ങളും ബന്ധുക്കളും 10 വർഷത്തിനുശേഷമുള്ള യസീൻ ഷെയ്ഖിന്റെ തിരിച്ചുവരവും കാത്തിരിക്കുകയാണ്. നാട്ടിലേക്കു മടങ്ങണമെന്നത് റഷീദിന്റെ വലിയ ആഗ്രഹമായിരുന്നെന്ന് പ്രതീക്ഷാഭവൻ അധികൃതർ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെ സഹോദരനൊപ്പം തിരൂരിലുള്ള ബന്ധുക്കളെ കാണാൻ സഹോദരനൊപ്പം പുറപ്പെട്ട യസീനിന് വ്യാഴാഴ്ച പ്രതീക്ഷാഭവനിൽ ഔദ്യോഗിക യാത്രയയപ്പ് നൽകും. പ്രതീക്ഷാഭവനിൽ കഴിയുന്ന മറ്റു താമസക്കാരുടെയും കുടുംബങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ 43 പേരാണ് കേന്ദ്രത്തിലുള്ളത്.