‘ചേച്ചീ ദേണ്ടേ ഇതു സ്വർണമാ..’ കുപ്പയിലെ സ്വർണത്തെക്കാൾ തിളക്കം ബിന്ദുവിനും രമ്യക്കും...!

കൊട്ടാരക്കര: ‘ചേച്ചീ ദേണ്ടേ ഇതു സ്വർണമാ..’ പ്ലാസ്റ്റിക് പെറുക്കാനെത്തിയവർ ഉറക്കെ വിളിച്ചുപറയുന്നതുകേട്ട് ഓടിയെത്തിയ വീട്ടമ്മ അപ്പോഴാണ് മകളുടെ സ്വർണക്കമ്മൽ നഷ്ടമായെന്നറിയുന്നത്. ഓടിയെത്തിയ മകളും അമ്പരന്നു.
കമ്മൽ ജോഡിയിലെ ബാക്കിയുള്ള ഒരെണ്ണം എവിടെച്ചെന്നു കണ്ടുപിടിക്കും. കവറിലെ പൗഡർ പൊടിക്കുള്ളിൽനിന്ന് ഹരിതകർമ സേനാംഗങ്ങളായ ബിന്ദുവും രമ്യയും ചേർന്ന് അടുത്ത കമ്മലും കണ്ടെത്തി. കൊട്ടാരക്കര ഉമ്മന്നൂരിലാണ് സ്വർണത്തെക്കാൾ തിളക്കമുള്ള സത്യസന്ധതയുടെ ഈ രംഗങ്ങൾ നടന്നത്.
രണ്ടുകമ്മലുകളും വീട്ടുകാർക്ക് കൈമാറുന്നതിനു മുൻപ് ഒരു തെളിവിനായി രമ്യ സെൽഫി വീഡിയോ പകർത്തി. ബിന്ദു ഇങ്ങനെ പറഞ്ഞു. ‘വാർഡ് 17, പ്ലാസ്റ്റിക് എടുക്കുമ്പോൾ ഒരുജോഡി കമ്മൽ. വീട്ടുകാർ അറിഞ്ഞില്ല, കവർ തട്ടിയിട്ടു നുള്ളിപ്പെറുക്കിയപ്പോൾ കിട്ടിയതാ, വീട്ടിലെ കൊച്ചിന് ഞങ്ങൾ തിരിച്ചേൽപ്പിക്കുവാ..കേട്ടോ..ഒന്നു കൂടി 17-ാം വാർഡ്.’
ദൃശ്യം വാർഡംഗം ബിന്ദു പ്രകാശിലൂടെ സാമൂഹികമാധ്യമങ്ങളിൽ പടർന്നതോടെ അഭിനന്ദനവിളികളെത്തി.
ഉമ്മന്നൂർ പഞ്ചായത്ത് 17-ാം വാർഡ് വടകോടിലെ ഹരിത കർമ സേനാംഗങ്ങളാണ് ബിന്ദു സുരേഷും രമ്യ വിനേഷും. പലതവണ പോയപ്പോഴും ആളില്ലാതിരുന്നതിനെ തുടർന്നാണ് വടകോട് പയ്യമ്പറം വീട്ടിൽ ഇരുവരും വ്യാഴാഴ്ച എത്തിയത്.
ഒന്നരച്ചാക്കോളം പ്ലാസ്റ്റിക്ക് മാലിന്യങ്ങളുണ്ടായിരുന്നു. ഉപയോഗശൂന്യമായ പളുങ്കുമാലകളും സ്ലൈഡും കമ്മലുകളുമെല്ലാം നിറച്ച ഒരുകവർ വേറെയും. ഇരുവരും ഓരോന്നായി എടുത്തു പരിശോധിച്ചു. ഉപയോഗിക്കാൻ കൊള്ളാവുന്നതൊക്കെ വീട്ടുകാർക്കു തിരികെ നൽകി.
ഒടുവിലായി കവറിന്റെ അടിയിൽ അടിഞ്ഞ പൗഡറിനിടയിൽ കിടക്കുന്ന കുഞ്ഞു കമ്മൽ വെറുതേയൊന്നു പരിശോധിച്ചപ്പോൾ ഹാൾമാർക്ക് മുദ്ര കണ്ടു സ്വർണമാണെന്നു തിരിച്ചറിയുകയായിരുന്നു.
ബിന്ദുവും രമ്യയും തൊഴിലുറപ്പു തൊഴിലാളികളായിരുന്നു. രണ്ടുവർഷമായി ഇവർ ഹരിതകർമസേനാംഗങ്ങളായി പ്രവർത്തിക്കുന്നു.
Content Highlights: Honest Haritha Karma Sena Finds Lost Gold Earring