22 വർഷമായി ഒരേ ബസിൽ ജോലിക്കായി യാത്ര, സ്ഥിരംയാത്രക്കാർക്ക് യാത്രയയപ്പ് നൽകി ബസ് ജീവനക്കാർ

വളയം: ജോലിക്കായുള്ള യാത്ര 22 വർഷമായി ഒരേ ബസിൽ... ഒടുവിൽ ജോലിയിൽനിന്ന് വിരമിച്ചപ്പോൾ ബസ് ജീവനക്കാർ അവരെ സ്‌നേഹപൂർവം യാത്രയാക്കി. പൊന്നാടയണിയിച്ച് ആദരം, സ്‌നേഹോപഹാരം, പിന്നെ സ്‌നേഹവിരുന്നും. വളയം കുറുവന്തേരിയിൽനിന്നും കുറ്റ്യാടി വഴി കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന കെ.സി.ആർ. ബസ് ജീവനക്കാരാണ് സ്ഥിരംയാത്രക്കാരായ രണ്ടുപേർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചത്. ഉള്ളിയേരി സ്വദേശി രാമചന്ദ്രൻ, നടുവണ്ണൂർ സ്വദേശി ഷീബ എന്നിവർക്കായിരുന്നു യാത്രയയപ്പ്. അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നടന്ന ചടങ്ങിൽ ബസ് ജീവനക്കാരും മറ്റ് സ്ഥിരംയാത്രക്കാരും പങ്കെടുത്തു.
ദിവസവും രാവിലെ ഏഴുമണിക്ക് കുറുവന്തേരിയിൽനിന്നാണ് ബസ് യാത്ര പുറപ്പെടുക. 8.30-ന് കുറ്റ്യാടിയിൽനിന്ന് കോഴിക്കോട്ടേക്ക്. പത്തുമണിയോടെ കോഴിക്കോട്ടെത്തും. ഈ ഒരു ട്രിപ്പിൽ കൂടുതലും സ്ഥിരംയാത്രക്കാരാണ്. ?
കോഴിക്കോട് കോർപ്പറേഷൻ ജീവനക്കാരനായ രാമചന്ദ്രൻ എല്ലാദിവസവും ഉള്ളിയേരിയിൽനിന്നാണ് ബസ് കയറുന്നത്. മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥയായ ഷീബ നടുവണ്ണൂരിൽനിന്ന് കയറും.
ഇതിലെ സ്ഥിരംയാത്രക്കാർ ഒരു കുടുംബംപോലെ തമാശകൾ പറഞ്ഞും ചിരിച്ചും ഉല്ലസിച്ചുമാണ് യാത്ര.
ഇവർക്കായി വാട്സാപ്പ് ഗ്രൂപ്പുമുണ്ട്. ക്രിസ്മസ്, ന്യൂ ഇയർ പോലുള്ള ദിവസങ്ങളിൽ ബസിൽ കെയ്ക്ക് മുറിയും മധുരവിതരണവും ഉണ്ടാകും.
മാത്രമല്ല ഓരോമാസവും കൂട്ടത്തിലെ ഒരാളുടെ വീട്ടിൽ ഒത്തുചേരും. കൂട്ടത്തിലെ ആർക്കെങ്കിലും ബുദ്ധിമുട്ടുവന്നാൽ സാമ്പത്തികസഹായം ഉൾപ്പെടെ ഇവർ ചെയ്യാറുണ്ട്. നേരത്തേയും ബസ് ജീവനക്കാരും സഹയാത്രികരും സ്ഥിരംയാത്രക്കാർക്ക് യാത്രയയപ്പ് നൽകിയിരുന്നു.
ബസ് ഉടമ സി. രഞ്ജിത്ത്, ജീവനക്കാരായ പി. ശ്രീജിത്ത്, ടി. അനീഷ്, കെ.എൻ. വിഷ്ണു, കെ.പി. ചന്ദ്രൻ എന്നിവർ യാത്രയയപ്പിന് നേതൃത്വംനൽകി.
Content Highlights: Two long-term commuters honored after 22 years of traveling on the same bus route., KCR bus staff organized a special farewell ceremony with gifts and a feast