സൗഹൃദരുചി പങ്കിട്ട് ഈ ഊണ്; അന്നത്തിന് മുന്നില്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക് ഒരു മുന്നണി

#എം.ആർ. സിജു
പത്തനംതിട്ട നഗരസഭയിലെ ശാരദാമഠം വാര്‍ഡില്‍ വിവിധ മുന്നണികളുടെ സ്ഥാനാര്‍ഥികളായ രജനി മത്തായി (എല്‍ഡിഎഫ്), ഡോ. ഫൗസീന തക്ബീര്‍ (സ്വതന്ത്ര), കെ. സ്വപ്ന (എൻഡിഎ), ജോയമ്മ സൈമൺ (യുഡിഎഫ്) എന്നിവര്‍ ഒരു പൊതിച്ചോറില്‍നിന്ന് കഴിക്കുന്നു | ചിത്രം: എം.ആര്‍. സിജു, മാതൃഭൂമി.
പത്തനംതിട്ട നഗരസഭയിലെ ശാരദാമഠം വാര്‍ഡില്‍ വിവിധ മുന്നണികളുടെ സ്ഥാനാര്‍ഥികളായ രജനി മത്തായി (എല്‍ഡിഎഫ്), ഡോ. ഫൗസീന തക്ബീര്‍ (സ്വതന്ത്ര), കെ. സ്വപ്ന (എൻഡിഎ), ജോയമ്മ സൈമൺ (യുഡിഎഫ്) എന്നിവര്‍ ഒരു പൊതിച്ചോറില്‍നിന്ന് കഴിക്കുന്നു | ചിത്രം: എം.ആര്‍. സിജു, മാതൃഭൂമി.

പത്തനംതിട്ട: ഒരു പൊതിച്ചോറിനുമുന്നിൽ മുന്നണികൾ മറന്ന് അവർ ഒന്നിച്ചു. ഒരുമാസത്തോളം പരസ്പരം പോർവിളിച്ച വനിതാ സ്ഥാനാർഥികളുടെ പങ്കിട്ടൂണ് വിധിയെഴുത്ത് ദിനത്തിലെ വേറിട്ട കാഴ്ചയായി. ‌പത്തനംതിട്ട നഗരസഭയിലെ 33-ാം വാർഡായ ശാരദാമഠത്തിൽ, രജനി മത്തായി (എൽഡിഎഫ്), ജോയമ്മ സൈമൺ (യുഡിഎഫ്), കെ. സ്വപ്ന (എൻഡിഎ), ഡോ. ഫൗസീന തക്ബീർ (സ്വതന്ത്ര) എന്നിവരായിരുന്നു സ്ഥാനാർഥികൾ.

വാർഡ് പിടിക്കാൻ വനിതാസംഘം പൊരിഞ്ഞ പ്രചാരണമാണ് നടത്തിയത്. വോട്ടെടുപ്പുകേന്ദ്രമായ മുണ്ടുകോട്ടയ്ക്കൽ എസ്‌എൻവിഎസ്‌വിഎം യുപി സ്കൂളിൽ തിങ്കളാഴ്ച രാവിലെ നാലുപേരുമെത്തി. റോഡിൽനിന്ന് 68 പടി കയറിവേണം സ്കൂളിലെത്താൻ. വോട്ടർമാരെ കാണാനും കുശലം പറയാനും രാവിലെ പടിക്കെട്ടിൽ ഇവരും ഇടംപിടിച്ചു.

കുറെക്കഴിഞ്ഞപ്പോൾ ഇരിപ്പ് ഒന്നിച്ചായി. വിശേഷം പങ്കിട്ടു. പഴവും തിന്ന് വെള്ളവും കുടിച്ച് സമയം തള്ളിനീക്കി.‌ ഉച്ചയായപ്പോൾ പ്രവർത്തകർ രണ്ടുപൊതിച്ചോറ് കൊണ്ടുവന്നു. ഇത് പങ്കിട്ടുകഴിച്ചാലോയെന്ന് ജോയമ്മ സൈമൺ ചോദിച്ചു. ചോറുകിട്ടാത്ത മറ്റുള്ളവരും അതിന് കൈകൊടുത്തു. വോട്ടർമാരുടെ തിരക്ക് അല്പം കുറഞ്ഞപ്പോൾ അവർ പടിക്കെട്ടിൽ കൂടിയിരുന്ന് പൊതിച്ചോറ് പങ്കിട്ടു.

Content Highlights: Rival female candidates in Pathanamthitta set aside political differences to share a simple meal of `pothi chor` (packed rice) on election day, creating a heartwarming scene.