കുളിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽവീണു; യുവതികൾക്ക് രക്ഷകരായി ജോയനും തോമസും

എടത്വ: കുളിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ യുവതികളെ രക്ഷപ്പെടുത്തി. എടത്വ സെയ്ന്റ് ജോർജ് ഫൊറോന പള്ളിക്ക് മുന്നിലുള്ള കടവിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളാണ് അപകടത്തിൽ പെട്ടത്. എടത്വ തൈപ്പറമ്പിൽ ടി.വി. തോമസും ചങ്ങങ്കരി മെതിക്കുഴി പുതുവൽ വീട്ടിൽ ജോയനും ചേർന്നാണ് ഇവരെ രക്ഷിച്ചത്.
ഞായറാഴ്ച രാവിലെ ആറരയോടെ ആയിരുന്നു സംഭവം. പള്ളിക്ക് മുന്നിലെ കടവിൽ കുളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് യുവതികൾ കാൽവഴുതി ആഴത്തിലേക്ക് വീണുപോയത്. ഈ സമയം അതുവഴി കടന്നുപോയ ഒരു കന്യാസ്ത്രീയാണ് യുവതികൾ വെള്ളത്തിൽ മുങ്ങിതാഴുന്നത് കണ്ടത്.
അവർ ഓടി പള്ളിയിലെത്തി, അവിടെ കുർബാന കണ്ടുകൊണ്ടിരുന്നവരെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ തന്നെ തോമസും ജോയനും ഓടിയെത്തിയെങ്കിലും യുവതികൾ നല്ല ആഴത്തിലേക്ക് പോയിരുന്നു. ആദ്യം തോമസ് തന്റെ മുണ്ട് ഊരി ഇവർക്കായി ഇട്ടുകൊടുത്തു.
യുവതികൾക്ക് മുണ്ടിൽ പിടുത്തം കിട്ടിയെങ്കിലും കരയിലേക്ക് കയറാൻ സാധിച്ചില്ല. ഇതുകണ്ട് ജോയൻ വെള്ളത്തിലേക്ക് ചാടി ഇരുവരെയും കരയ്ക്ക് എത്തിക്കുകയായിരുന്നു.
Content Highlights: Two women slipped and fell into deep water while bathing at Edathua St. George Forane Church ghat. A nun alerted bystanders after witnessing the women drowning. Local men Joyan and Thomas successfully rescued the victims. The rescue involved using a cloth to reach the victims before diving in to pull them to safety.