‘മതത്തിനപ്പുറം ഈ മലപ്പുറം സ്റ്റോറി’; രമേശ് നമ്പ്യാരുടെ അന്ത്യോപചാരചടങ്ങുകൾ അയൽവാസി ഹമീദിന്റെ വീട്ടിൽ

#ന്യൂസ് ഡെസ്ക്
പോസ്റ്റുമോർട്ടത്തിന് ശേഷം രമേശ് നമ്പ്യാരുടെ മൃതദേഹം അന്ത്യോപചാരച്ചടങ്ങുകൾക്കായി അയൽവാസി ഹമീദിന്റെ വീട്ടിൽ കിടത്തിയപ്പോൾ. ഇൻസൈറ്റിൽ രമേശ് നമ്പ്യാർ.
പോസ്റ്റുമോർട്ടത്തിന് ശേഷം രമേശ് നമ്പ്യാരുടെ മൃതദേഹം അന്ത്യോപചാരച്ചടങ്ങുകൾക്കായി അയൽവാസി ഹമീദിന്റെ വീട്ടിൽ കിടത്തിയപ്പോൾ. ഇൻസൈറ്റിൽ രമേശ് നമ്പ്യാർ.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നിന്നിതാ ഒരു സ്‌നേഹസഹകരണത്തിന്റെ 'മലപ്പുറം സ്റ്റോറി.' പെരിന്തൽമണ്ണ മുൻ എം.എൽ.എ.യുടെ മകന്റെ അന്ത്യോപചാര ചടങ്ങുകളാണ് മാനവികതയുടെ അടയാളമായത്. പെരിന്തൽമണ്ണ ജൂബിലി റോഡിൽ രമേശ് നമ്പ്യാരുടെ (67) മൃതദേഹം അന്ത്യോപചാര ചടങ്ങുകൾക്കായി കിടത്തിയത് ഓട്ടോ ഡ്രൈവറും അയൽവാസിയുമായ ഹമീദിന്റെ വീട്ടിൽ.

ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽനിന്ന് വിജയിച്ച് എം.എൽ.എ. ആയ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി. ഗോവിന്ദൻ നമ്പ്യാരുടെ മകനാണ് രമേശ് നമ്പ്യാർ. 1957 മുതൽ 59 വരെയുള്ള ആദ്യ ഇ.എം.എസ്. സർക്കാരിന്റെ ഭരണകാലത്ത് എം.എൽ.എ. ആയിരുന്ന പി. ഗോവിന്ദൻ നമ്പ്യാർ പെരിന്തൽമണ്ണ പഞ്ചായത്ത് പ്രസിഡന്റായിട്ടുമുണ്ട്.

കഴിഞ്ഞദിവസം ബൈക്കിൽ പോകുമ്പോൾ ഹൃദയാഘാതംവന്ന് ബൈക്ക് മറിഞ്ഞാണ് രമേശ് നമ്പ്യാർ മരിച്ചത്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായിരുന്ന അദ്ദേഹവും സി.പി.എം. വെസ്റ്റ് ജൂബിലി ബ്രാഞ്ച് സെക്രട്ടറിയായ ഭാര്യ വിനോദിനിയും ജൂബിലിയിലെ വാടക ക്വാർട്ടേഴ്‌സിലായിരുന്നു താമസം.

ജില്ലാ ആശുപതിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം വാടക ക്വാർട്ടേഴ്‌സിൽ എത്തിച്ചു. ഹമീദും സൗദിയിൽനിന്ന് അവധിക്കുവന്ന മകൻ നിഷാമും വാടകവീട്ടിലെ അസൗകര്യംകണ്ട് സ്വന്തം വീട്ടിൽ മൃതദേഹം കിടത്താൻ സൗകര്യമൊരുക്കി. ഒറ്റത്തിരിയിട്ട നിലവിളക്കിനും പുകയുന്ന ചന്ദനത്തിരിക്കും സമീപം കിടത്തിയ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാനെത്തിയവർ റീത്തുവെച്ചു. സംസ്‌കാരം പെരിന്തൽമണ്ണ നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ നടന്നു.

പെരിന്തൽമണ്ണ ഗവ. ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരിക്കേ അടിയന്തരാവസ്ഥയ്‌ക്കെതിരേ പഠിപ്പുമുടക്കി പ്രകടനം നടത്തിയതിന് രമേശ് നമ്പ്യാർ ഒരു മാസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നൽകണമെന്നായിരുന്നു രമേശ് നമ്പ്യാരുടെ ആഗ്രഹം. എന്നാൽ അപകടത്തിൽപ്പെട്ട് മരിച്ചതിനാൽ പോസ്റ്റുമോർട്ടം നടന്നതുകൊണ്ട് അതിനുകഴിഞ്ഞില്ല.

Content Highlights: Heartwarming display of communal harmony in Perinthalmanna, Malappuram, Kerala. A Muslim neighbor provides his home for a Hindu funeral. Highlights the legacy of former MLA P. Govindan Nambiar., Reflects the true essence of social unity beyond religious barriers.