'പേരുദോഷം' മാറുന്നു.. ആനതറവെളി ഇനി ശ്മശാനഭൂമിയല്ല, ഹരിതോദ്യാനം; നാമകരണം നിർവഹിച്ച് ശാരദാ മുരളീധരൻ

ആനതറവെളിയുടെ പുതിയ നാമകരണം മുന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നിര്‍വഹിക്കുന്നു
ആനതറവെളിയുടെ പുതിയ നാമകരണം മുന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നിര്‍വഹിക്കുന്നു

ചേര്‍ത്തല: ശ്മശാനഭൂമിയെന്ന പേരുദോഷമുണ്ടായിരുന്ന ആനതറവെളി ഇനി ഹരിതോദ്യാനം. കക്കൂസ്മാലിന്യ സംസ്‌കരണ പ്ലാന്റുള്‍പ്പെടുന്ന ആനതറവെളിയുടെ പുതിയ നാമകരണം നഗരസഭ ഔദ്യോഗികമായി നടത്തി. മാലിന്യ പ്ലാന്റിന് പുറമേ ഹരിതകര്‍മസേനയുടെ സംഭരണകേന്ദ്രവും വാതകശ്മശാനവും സ്ഥിതിചെയ്യുന്ന ആനതറവെളിയാണ് ഇനി ഹരിതോദ്യാനം എന്നറിയപ്പെടുന്നത്. 

നാമകരണവും സംസ്‌കരണ പ്ലാന്റിന്റെ വിവര വിനിമയ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നിര്‍വഹിച്ചു. ഹരിതോദ്യാനത്തിലെ ആദ്യ വൃക്ഷത്തൈ നടീലും നിര്‍വഹിച്ചു. മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നത് ജനങ്ങളുടെ ആവശ്യമായി മാറുന്ന കാലമാണ് സംസ്ഥാനത്തുണ്ടാകേണ്ടതെന്ന് ശാരദാ മുരളീധരന്‍ പറഞ്ഞു. 

ജില്ലയിലെ അംഗീകൃത മാലിന്യ പ്ലാന്റായ ചേര്‍ത്തല പ്ലാന്റില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയല്ലാതെ സ്വകാര്യ ടാങ്കറുകളില്‍ മാലിന്യം നേരിട്ടു കൈമാറി പൊതുസ്ഥലങ്ങളില്‍ നിക്ഷേപിച്ചാല്‍ കൊടുത്തുവിടുന്നയാളിനു പിഴ ചുമത്തുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ കളക്ടര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു. നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷയായി. 

സെക്രട്ടറി ടി.കെ. സുജിത്, ജനപ്രതിനിധികളായ ശോഭാ ജോഷി, എ.എസ്. സാബു, ഏലിക്കുട്ടി ജോണ്‍, ആശാ മുകേഷ്, ഷീജാ സന്തോഷ്, ലിസി ടോമി തുടങ്ങിയവര്‍ പങ്കെടുത്തു.

'പേരിന്' പങ്കെടുത്ത് സിപിഐ; കോണ്‍ഗ്രസ് വിട്ടുനിന്നു

ജനപ്രതിനിധികളെ ഒഴിവാക്കി മുന്‍ ഉദ്യോഗസ്ഥയെ ഉദ്ഘാടകയാക്കിയതില്‍ എതിര്‍പ്പുയര്‍ത്തിയ സിപിഐ ചടങ്ങില്‍ പേരിനു പങ്കെടുത്തു. വിഷയത്തില്‍ ഇടഞ്ഞുനിന്നിരുന്ന വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിഞ്ഞപ്പോള്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭാ ജോഷി മാത്രമാണ് സിപിഐ പ്രതിനിധിയായി പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുക്കാന്‍ സിപിഎം, സിപിഐ നേതൃതല ചര്‍ച്ചകള്‍ക്കുശേഷം സിപിഐ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുത്തത്. 

ജനപ്രതിനിധികളെ ഒഴിവാക്കിയതിലും പ്രോട്ടക്കോള്‍ പാലിച്ചില്ലെന്ന വാദവുമുയര്‍ത്തി പ്രതിപക്ഷമായ കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാരും ചടങ്ങില്‍ പങ്കെടുത്തില്ല. ബിജെപി പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. പ്ലാന്റിന്റെ അനുമതിക്കായി ആദ്യഘട്ടത്തില്‍ ഏറെ സഹായകരമായ നിലപാടുകള്‍ സ്വീകരിച്ച ഉദ്യോഗസ്ഥയെന്ന കാരണത്താലാണ് വിരമിച്ചശേഷവും ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്നാണ് നഗരസഭാ നേതൃത്വത്തിന്റെ വാദം. 

Content Highlights: cherthala anathareveli waste plant harithodyanam renamed by sarada muraleedharan good news