സർപ്രൈസ് സമ്മാനവുമായി പ്രവാസി വ്യവസായി എത്തി; 'പറക്കാനൊരുങ്ങി' വിദ്യാർഥികളും രക്ഷിതാക്കളും

കോഴിക്കോട്/ നാദാപുരം: സാധാരണക്കാർ നിത്യേന സമീപിക്കുന്ന ഗ്രാമപ്പഞ്ചായത്തിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനായി നാദാപുരം ഗ്രാമപ്പഞ്ചായത്തിലെത്തിയ സഫാരി ഗ്രൂപ്പ് എം.ഡി. സഫാരി സൈനുൽ ആബിദീൻ വക മികവാർന്ന സമ്മാനം. നാദാപുരം ബഡ്സ് സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമാണ് വിമാനയാത്ര സമ്മാനമായി കിട്ടിയത്. എല്ലാകുട്ടികളെയും രക്ഷിതാക്കളെയും തിരുവനന്തപുരം കാണിക്കാനായി കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനയാത്രയാണ് അദ്ദേഹം സമ്മാനിച്ചത്.
ബിസിനസ് ആവശ്യാർഥം പലരാജ്യങ്ങളിലും സന്ദർശിക്കുമ്പോൾ പലതും പഠിക്കാൻ ശ്രമിക്കാറുണ്ട്. സ്വന്തംനാട്ടിലെ സംവിധാനങ്ങളെ കൂടുതൽ മനസ്സിലാക്കുന്നതിനാണ് സാധാരണക്കാർ കൂടുതലായി അവലംബിക്കുന്ന തദ്ദേശസ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതെന്ന് സൈനുൽ ആബിദീൻ പറഞ്ഞു. ഒരുപാട് മേഖലയിൽ രാജ്യത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന നാദാപുരം ഗ്രാമപ്പഞ്ചായത്തിനെ കൂടുതലറിയാനാണ് അദ്ദേഹം സ്കൂൾ സന്ദർശിച്ചത്.ബഡ്സ് സ്കൂളിൽ ജനപ്രതിനിധികളും ജീവനക്കാരും അദ്ദേഹത്തെ സ്വീകരിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി, സ്ഥിരംസമിതി അധ്യക്ഷന്മാരായ സി.കെ. നാസർ, എം.സി. സുബൈർ, ജനീദ ഫിർദൗസ്, മെമ്പർമാരായ അബ്ബാസ് കണേക്കൽ, വി. അബ്ദുൽ ജലിൽ, മുസ്‌ലിംലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് ബംഗ്ലത്ത് മുഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു, വി.ടി.കെ. ആയിഷ തുടങ്ങിയവർ സംബന്ധിച്ചു.
Content Highlights: buds school student and parents fly kozhikode to trivandrum pravasi businessman help