കുളിച്ചുതിമിർക്കുന്നതിനിടെ തവളയെക്കണ്ട് ഭയന്ന് കുട്ടിയാന; 'ക്യൂട്ട്നെസ് ഓവർലോഡഡ്' എന്ന് സോഷ്യൽമീഡിയ

അല്ലെങ്കിലും അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഞെട്ടിപ്പോകാത്തവരായി ആരുണ്ട്..? എന്നാലും ഇങ്ങനെയൊക്കെ പേടിക്കാമോ എന്നാണ് ഈ വീഡിയോ കണ്ടവരൊക്കെ ചോദിക്കുന്നത്. അതും ഒരു കുഞ്ഞിത്തവളയെ കണ്ട്. ഒന്നുമല്ലേലും ഒരു ആനക്കുട്ടിയല്ലേ, അപ്പോ അതിന്റെ ഒരു ധൈര്യമൊക്കെ കാണിക്കണ്ടേ എന്നാണ് നെറ്റിസണ്‍സിന്റെ ചോദ്യം. പറഞ്ഞുവരുന്നത് സമൂഹമാധ്യമത്തില്‍ വേഗത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോയെക്കുറിച്ചാണ്.
കുളിച്ചുതിമിര്ക്കുന്നതിനിടെ കാലിനടുത്തേക്ക് വന്ന തവളയെക്കണ്ട് പേടിച്ചരണ്ട് നില്ക്കുന്ന ഒരാനക്കുട്ടിയാണ് ഏവരുടേയും ഹൃദയം കവര്‍ന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ രാജമന്നൈ മെമ്മറീസ് എന്ന പേജില്‍ പങ്കുവെച്ചിട്ടുള്ള വീഡിയോ ഇതിനോടകം 90 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
തനിക്ക് കുളിക്കാനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഷവറിന്റെ ചുവട്ടില്‍ കളിച്ച് കുളിച്ച് തിമിര്‍ക്കുന്ന ആനക്കുട്ടിയെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാനാവുക. തുമ്പിക്കൈ ചുരുട്ടിയും തലകുലുക്കിയും അര്‍മാദിച്ച് നില്‍ക്കുന്നതിനിടയിലാണ് പെട്ടെന്ന് ആ അതിഥി കടന്നുവന്നത്, ഒരു കൊച്ചുതവള. ഇതോടെ ആനക്കുട്ടിയുടെ ഭാവം മാറി.
തന്റെ കാലിന്റെ അടുത്തേക്ക് ചാടിച്ചാടി എത്തുന്ന തവളയെത്തന്നെ ഉറ്റുനോക്കി ഒരു വശത്തേക്ക് മാറി ഒതുങ്ങി നില്ക്കുന്ന ആനക്കുട്ടി ആരിലും ചിരിപടര്‍ത്തും. 'അച്ചോടാ, പാവം' എന്ന് ആരെക്കൊണ്ടും പറയിപ്പിക്കാന്‍ തക്കതായ നില്‍പ്പില്‍നിന്നും, പാപ്പാന് എത്തി ആശ്വസിപ്പിക്കുന്നതോടെയാണ് ആനക്കുട്ടിക്ക് മോചനം ഉണ്ടാകുന്നത്. ക്യൂട്ട്നെസ് ഓവര്‍ലോഡഡ് എന്നാണ് വീഡിയോയ്ക്ക് അടിയില്‍ മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ആനക്കുട്ടി പേടിച്ചതല്ലെന്നും സഹജീവി സ്നേഹം കാണിച്ചതാണെന്നും കമന്റുകളുണ്ട്. 'തന്റെ കാലിന്റെ അടിയില്‍പെട്ട് തവളയ്ക്ക് ഒന്നുംപറ്റണ്ട എന്നുവിചാരിച്ച് ആനക്കുട്ടി മാറിനില്‍ക്കുന്നതാണ്. സഹജീവികളെ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന ജീവിവര്‍ഗമാണ് ആനകള്‍. പേടിച്ചിട്ടൊന്നുമല്ല, തവള പൊയ്ക്കോട്ടേ എന്നുകരുതി ആനക്കുട്ടി മാറിനിന്നുകൊടുത്തതാണ്,' എന്നൊക്കെ നീളുന്നു കമന്റുകള്‍. എന്തായാലും ആനപ്രേമികള്‍ക്ക് കണ്ണിന് കുളിർമനല്‍കുന്ന ഒരു കാഴ്ചതന്നെയാണ് വീഡിയോയിലുള്ളത്.
Content Highlights: baby elephant frightened over a frog during bath cute video good news