അരുണിന്റെ ഹൃദയശസ്ത്രക്രിയക്ക് നാലുബസുകളുടെ ഒരുദിവസത്തെ വരുമാനം നൽകി ഉടമ; നെഞ്ചുനിറയെ നന്മ

കുമരകം(കോട്ടയം): ഹൃദയംമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കുമരകം കുന്നത്തുകളത്തിൽ അരുൺ ഷാജിക്കായി ഒരു ഉടമയുടെ നാല് ബസുകൾ ഓടി നേടിയത് അരലക്ഷത്തിലധികം രൂപ.
രശ്മി ശശിധരന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകൾ ആണ് അരുൺ ഷാജിക്കുവേണ്ടി സർവീസ് നടത്തിയത്. കോട്ടയം- ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് കാർത്തിക ബസുകൾ, കോട്ടയം- കുമരകം- കൈപ്പുഴമുട്ട്- വൈക്കം റൂട്ടിൽ സർവ്വീസ് നടത്തുന്ന വിശ്വനാഥ് ബസ്, കൈപ്പുഴ മുട്ട് വൈക്കം റൂട്ടിലോടുന്ന കാർത്തിക ബസ് എന്നിവയുടെ ബുധനാഴ്ചയിലെ ഒരു ദിവസത്തെ കളക്ഷനാണ് നൽകിയത്.
ബസിൽനിന്ന് 48,270 രൂപയും അരുൺ ഷാജിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 6000 രൂപയുമാണ് ബസ് യാത്രയുടെ ഭാഗമായി സമാഹരിച്ചത്. പണമായി സമാഹരിച്ച 48,270 രൂപ സഹായ നിധി കൺവീനർ കെ.ജി. ബിനുവിന് കൈമാറി. 30 ലക്ഷത്തിലേറെ രൂപയോളം ചികിത്സയ്ക്ക് ചെലവാകും. കുമരകത്തിന്റെ വിവിധ വാർഡുകളിൽനിന്ന് സമാഹരിച്ച് തുകയ്ക്കൊപ്പം 315 നമ്പർ സർവീസ് സഹകരണ ബാങ്ക് സഹായസമിതിയുടെ അക്കൗണ്ടിൽ ഈ പണം നിക്ഷേപിക്കുമെന്നും ശസ്ത്രക്രിയയ്ക്ക് മുമ്പായി പരമാവധി തുക സമാഹരിച്ച് അരുണിന് നൽകുമെന്നും കെ.ജി. ബിനു പറഞ്ഞു.
Content Highlights: arun heart surgery bus owner handovers one day collection in four buses